സിനിമ പ്രേമികളുടെ പ്രിയ താരമാണ് നിത്യ മേനോന്‍. വേറിട്ട അഭിനയ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച നായിക നടിയാണ് നിത്യ. അടുത്തിടെ ദേശീയ പുരസ്‌കാരവും നിത്യയ്ക്ക് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് നിത്യ മേനോന്‍.
‘ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ല. ചുറ്റും ഒരുപാട് ആളുകളുള്ളതിനാല്‍ ഷൂട്ടിങ് സെറ്റ് സുരക്ഷിതമാണ്. ഞാന്‍ അഭിനയമേഖലയിലേക്ക് കടന്നുവരുന്ന സമയത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. സ്ത്രീയായി ഒരു ഹെയര്‍ഡ്രസ്സര്‍ മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് സെറ്റുകളില്‍ കൂടുതല്‍ സ്ത്രീകളെ കാണുന്നത് സന്തോഷകരമാണ്.’
‘ആളുകളെ ലിംഗം, മതം എന്നിവയുടെ പേരില്‍ വേര്‍തിരിക്കുന്നത് കാണേണ്ടിവരികയെന്നത് പ്രയാസകരമാണ്. എനിക്ക് ഇത്തരത്തില്‍ വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അത് ശരിയല്ലെന്നും ഞാന്‍ പറയാറുണ്ട്.’ നിത്യ മേനോന്‍ പറഞ്ഞു.
തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയതിനായിരുന്നു താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച നിത്യ മേനോന്‍, അതിലേക്ക് തന്നെ എത്തിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പ്രശസ്തി പത്രവും മെഡലും കൈയ്യിലേന്തിയ ചിത്രത്തിനൊപ്പമാണ് നിത്യയുടെ പോസ്റ്റ്.
‘അതിയായ സന്തോഷത്തോടെ, ഹൃദയസ്പര്‍ശിയായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും, അവര്‍ ചെയ്ത ചില വേഷങ്ങള്‍ അവരുടെ കരിയറിലെ കൗതുകകരമായ ഭാഗമാണ്. അത്തരം കഥാപാത്രങ്ങളുടെ ആത്മാവ് കാലാതീതവും ആളുകളുടെ ഹൃദയത്തില്‍ പുതുമയുള്ളതുമായിരിക്കും. അതുപോലെ എനിക്ക് അഭേദ്യമായ ഒരു പരിചയം വളര്‍ത്തിയെടുത്ത കഥാപാത്രമാണ് ശോഭന.’ എന്നാണ് നിത്യ പറഞ്ഞത്.