അടുത്തിടെയാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് താരം ചിത്രങ്ങൾ സഹിതം സ്തനാർബുദയാത്ര പോസ്റ്റ് ചെയ്തത്. ഇതിന് മുൻപും താരം രോഗ വിവരവും ചിത്രങ്ങളും ഇൻസ്റാഗ്രാമിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സ്തനാർബുദ ശസ്ത്രക്രിയയ്ക്കുശേഷം പാടുകളുള്ള ശരീരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഒലിവിയ.
സ്കിംസ് എന്ന ബ്രാൻഡിന്റെ ക്യാംപയിൻ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഒലിവിയ പങ്കുവെച്ചത്. തങ്ങളുടെ ശരീരത്തിലെ പാടുകളേയോർത്ത് ആകുലപ്പെടുന്ന സ്ത്രീകൾ ഈ ചിത്രങ്ങൾ കാണുകയും താൻ പകരുന്ന സ്നേഹമെല്ലാം അനുഭവിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒലിവിയ കുറിക്കുന്നു.
View this post on Instagram
ബയോപ്സി ചെയ്ത് മുപ്പതുദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്ന് ഒലിവിയ നേരത്തേ പറഞ്ഞിരുന്നു. സ്തനാർബുദം നേരത്തേ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് തന്റെകാര്യത്തിൽ തുണയായത്. മുപ്പതുകഴിഞ്ഞാൽ ഡോക്ടർമാരോട് സ്തനാർബുദസാധ്യത പരിശോധിക്കാൻ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കിൽ എല്ലാവർഷവും മാമോഗ്രാമും സ്തനത്തിന്റെ എം.ആർ.ഐ.യും ചെയ്യണമെന്നും ഒലിവിയ പറയുകയുണ്ടായി.
തന്റെ രോഗ അനുഭവങ്ങൾ പങ്കുവെച്ച താരത്തിന്റെ ധൈര്യത്തേയും പകർന്നു തന്ന അറിവിനെയും പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.
STORY HIGHLIGHT: olivia munn