Celebrities

‘മരണം എല്ലായ്‌പ്പോഴും ഇവിടെയുണ്ട്, ചില മുറിവുകള്‍ ശരീരത്തിലുണ്ടാക്കുന്നതിനേക്കാള്‍ ആഴമേറിയതാണ്’: പ്രകാശ് രാജ്

എന്റെ വേദനയെക്കാള്‍ എന്റെ സന്തോഷങ്ങള്‍ പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

നടന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍ എന്ന നിലകളില്‍ പ്രശസ്തനാണ് പ്രകാശ് രാജ്. ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ നടനാണ് അദ്ദേഹം. സ്റ്റേജ് ഷോ പരിപാടികളിലൂടെയും ടെലിവിഷനിലൂടെയും ആണ് അദ്ദേഹം സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഇതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടന്‍.

‘ഈ വേദന വളരെ വ്യക്തിപരമായ ഒന്നാണ്. എന്റെ സുഹൃത്ത് ഗൗരി ലങ്കേഷിന്റേതായാലും മകന്‍ സിദ്ധാര്‍ഥിന്റേതായാലും. പക്ഷേ എനിക്ക് മക്കളുണ്ട്. കുടുബമുണ്ട്. ജോലിയും മറ്റുള്ളവരുമുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ജീവിതത്തില്‍ ഉത്തരവാദിത്തമുണ്ട്. എന്റെ വേദനയെക്കാള്‍ എന്റെ സന്തോഷങ്ങള്‍ പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അത് വ്യക്തിപരമായ വേദനയെ ലഘൂകരിക്കുന്നു. ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.’

‘ചില മുറിവുകള്‍ ശരീരത്തിലുണ്ടാക്കുന്നതിനേക്കാള്‍ ആഴമേറിയതാണ്. അതിനൊപ്പം ജീവിച്ചേ പറ്റൂ. ഒരു മനുഷ്യനെന്ന നിലയില്‍ ഇത് ബുദ്ധിമുട്ടിലാക്കുകയും വേദനിപ്പിക്കുകയും നിസ്സഹായാവസ്ഥ തോന്നിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവിക്കാനുള്ള കാരണങ്ങള്‍ തേടണം. മരണം എല്ലായ്‌പ്പോഴും ഇവിടെയുണ്ട്.’ പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ്‌സില്‍ തെലുങ്കില്‍ നിന്നുള്ള മികച്ച നടനുള്ള (ക്രിട്ടിക്‌സ്) പുരസ്‌കാരം പ്രകാശ് രാജിനാണ് ലഭിച്ചത്. ‘രംഗ മാര്‍ത്താണ്ട’ എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു പുരസ്‌കാരം. അവര്‍ഡ് വാങ്ങിയ ശേഷം മകന്‍ വേദാന്തിന് ശില്‍പം കൈമാറുന്ന പ്രകാശ് രാജിന്റെ വീഡിയോ ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

പ്രകാശ് രാജിന്റെ കൈയ്യില്‍ നിന്ന് ശില്‍പം വാങ്ങിയ ശേഷം ആഹ്ലാദത്തോടെയും കൗതുകത്തോടെയും അത് നേക്കിയിരിക്കുന്ന കുട്ടിയുടെ വീഡിയോ ആയിരുന്നു അത്. താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടിയത്. ‘എന്റെ മകന്റെ മുഖത്തെ ആ സന്തോഷം, ആഹ്ലാദം. നന്ദി ഫിലിംഫെയര്‍… പ്രേക്ഷകര്‍ക്കും, ടീമിനും നന്ദി’, വീഡിയോയ്‌ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു.