കാസർകോട്: വന്ദേഭാരത് ട്രെയിനുകൾക്കു വേണ്ടി പഞ്ചാബ് ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സ് കാസർകോട് പ്ലാന്റ് തുടങ്ങുന്നു. കാസർകോട്ടെ അനന്തപുരം വ്യവസായ പാർക്കിലാണ് മാഗ്നസ് പ്ലൈവുഡ്സ് പ്ലാന്റ് തുടങ്ങുന്നത്. വന്ദേഭാരതിലെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവയാണ് ഇവിടെ നിന്ന് നിർമ്മിച്ച് ചെന്നൈ കോച്ച് ഫാക്ടറിയിലേക്കെത്തിക്കുന്നത്. ഇതിന് വ്യവസായ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടു. ഇതുകൂടാതെ പാർട്ടിക്കിൾ ബോർഡ് നിർമിക്കുന്ന രണ്ട് ഉത്തരേന്ത്യൻ കമ്പനികളും അനന്തപുരത്ത് സംരംഭം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്റീരിയർ, നിർമാണ, വ്യവസായ, ഗതാഗത മേഖലയിൽ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാഗ്നസ് പ്ലൈവുഡ്‌സ്. റെയിൽവേയുടെ കപുർത്തലയിലെ കോച്ച് ഫാക്ടറിയിലേക്കും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലേക്കും പാർട്ടീഷൻ പ്ലൈവുഡ് പാനൽ, കോച്ചിന്റെ തറയുടെ പലക, ശൗചാലയത്തിന്റെ ബോർഡ് എന്നിവ മാഗ്നസ് നിർമിച്ച് നൽകുന്നുണ്ട്.
ചെയർ കാറുകളുള്ള വന്ദേഭാരത് തീവണ്ടികൾ സ്ലീപ്പർ കോച്ചുകളിലേക്ക് മാറുന്നുണ്ട്. റേക്കുകളുടെ എണ്ണവും വർധിപ്പിക്കുന്നുണ്ട്. അതിനുള്ള ബെർത്തുകൾക്കുൾപ്പെടെ ബലമേറിയ പ്ലൈവുഡ് ബോർഡുകൾ അധികമായി വേണ്ടിവരും. ചെന്നൈയിലെ കോച്ച് ഫാക്ടറിയിലേക്കാണ് കാസർകോട്ടുനിന്ന് ബോർഡുകൾ എത്തിക്കുകയെന്ന് മാഗ്നസ് പ്ലൈവുഡ്‌സ് ഉടമ മഹേഷ് ഗുപ്ത പറഞ്ഞു.
വർഷങ്ങളോളം കേടുവരാത്തതും തീപ്പിടിത്തത്തെയും രാസവസ്തുക്കളെയും പ്രതിരോധിക്കുന്നതുമായ കംപ്രഗ് പ്ലൈവുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, എൽ.പി. ഷീറ്റ്, ശബ്ദവിന്യാസം ക്രമീകരിക്കുന്ന ബോർഡുകൾ എന്നിവയാണ് കാസർകോട്ട് നിർമിക്കുന്നത്. റെയിൽവേയെ കൂടാതെ ടാറ്റ മോട്ടോഴ്‌സ്, ബി.എസ്.എഫ്., ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയ്ക്കും പ്ലൈവുഡ് വിതരണം ചെയ്യുന്നുണ്ട്.
അനന്തപുരത്തെ മാഗ്നസ് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ നൂറുപേർക്ക് ജോലി ലഭിക്കുമെന്നും പ്രവർത്തന മൂലധനമുൾപ്പെടെ നൂറുകോടിയുടെ നിക്ഷേപമുണ്ടാകുമെന്നും മഹേഷ് ഗുപ്ത പറഞ്ഞു. ചെന്നൈ കോച്ച് ഫാക്ടറിയിലേക്കാണ് പ്ലൈവുഡ് ബോർഡുകൾ കൂടുതലായി ആവശ്യമുള്ളത്.
കേരളം തൊട്ടടുത്ത സംസ്ഥാനമെന്ന നിലയിലാണ് സ്ഥാപനം ഇങ്ങോട്ടേക്ക് വിപുലീകരിച്ചത്. പ്ലൈവുഡ് കയറ്റുമതിയിൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്.- അദ്ദേഹം പറഞ്ഞു.
content highlight: vande-bharat-coaches-kasaragod-plywood