മലയാളി പ്രേക്ഷകരുടെ ഇഷ്ട അഭിനേതാക്കള്‍ ആണ് ജയറാമും ജഗതി ശ്രീകുമാറും. നിരവധി ആരാധക വൃത്തമുള്ള നടന്മാരാണ് ഇരുവരും. ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ ഒക്കെ വലിയ ഹിറ്റുമായിരുന്നു. അതൊന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ ആവാത്തത് കൂടിയായിരുന്നു. ഒരു വാഹനാപകടത്തെ തുടര്‍ന്ന് ഏറെക്കാലമായി ജഗതി ശ്രീകുമാര്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. അപകടത്തിന് ശേഷം അദ്ദേഹത്തിന് പഴയഹഴപോലെ നടക്കാനലെ സംസാരിക്കാനോ ഒന്നും തന്നെ കഴിയുന്നില്ല. ഇപ്പോള്‍ ഇതാ നടന്‍ ജയറാം ജഗതി ശ്രീകുമാറിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ പങ്കുവെയ്ക്കുകയാണ്. ജഗതി ചേട്ടന് താന്‍ ഇപ്പോഴും കടക്കാരന്‍ ആണെന്ന് പറയുകയാണ് നടന്‍ ജയറാം.
‘ഇപ്പോഴും ഞാന്‍ മനസ്സില്‍ ഒരു ചെറിയ വേദന പോലെ കൊണ്ടുനടക്കുന്ന കാര്യമുണ്ട്. ജഗതിച്ചേട്ടന്‍ ഒരിക്കല്‍ പെരുമ്പാവൂര്‍ ആ വഴി ഷൂട്ടിങ്ങിന് പോകുമ്പോള്‍ അതോ എവിടെയോ പോയപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ വന്നു. അന്നത്തെ ദിവസം ഞങ്ങളുടെ ഈ ബ്രാഹ്‌മണന്‍ ഫാമിലിയില്‍ ഒക്കെ അട എന്ന് പറയുന്ന ഒരു സാധനം ഉണ്ടാക്കും. ദോശ തന്നെയാണ്, പക്ഷേ നവധാന്യങ്ങള്‍ ഒക്കെ ചേര്‍ത്തിട്ട് ഒരു അട. അതിന് എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. അട എന്നാണ് ഞങ്ങള്‍ പറയുന്നത്. ഇലയില്‍ വരുന്ന അടയല്ല അല്ലാതെ ദോശ പോലെ വരുന്നത്. അതും പിന്നെ അമ്മയുണ്ടാക്കുന്ന കുറച്ച് ടിപ്പിക്കല്‍ ചട്‌നിയും സാമ്പാറും ഒക്കെ ഉണ്ടായിരുന്നു.’
‘ജഗതിച്ചേട്ടന്‍ അത് കഴിച്ചിട്ട് കുറേക്കാലം എന്റെ അടുക്കല്‍ പറയുമായിരുന്നു, അമ്മയുടെ അടുത്ത് നിന്ന് അതിന്റെ റെസിപ്പി ഒന്നും മേടിച്ചു തരൂ അനിയാ എന്ന് ചോദിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ പറയും, അയ്യോ ഞാന്‍ മറന്നു പോയി മേടിച്ചു തരാം..തരാം എന്ന്. അങ്ങനെ ഞാന്‍ എപ്പോഴും പറയുമായിരുന്നു. അത് ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാനുള്ള ഒരു കടം പോലെയായി. അത് ഞാന്‍ പെട്ടെന്ന് ഓര്‍ത്തുപോയി. പാവം ഇപ്പോഴും ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ല. അദ്ദേഹം നല്ല ആരോഗ്യവാനായി തിരിച്ചു വന്നിട്ട് വേണം അത് എനിക്ക് പറഞ്ഞു കൊടുക്കാന്‍.’
‘ചില സമയത്ത് ഷോട്ട് എടുക്കുമ്പോള്‍ ചിരി വന്നു കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ പറ്റില്ല. അങ്ങനെ എനിക്ക് ഒരുപാട് തവണ ടേക്ക് എടുക്കേണ്ടിവന്ന ഒരു നടന്‍ ജഗതിച്ചേട്ടന്‍ ആണ്. ജഗതിച്ചേട്ടന്‍ ഫ്രണ്ടില്‍ നിന്നിട്ട് പറയില്ല ടേക്കിന് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്. അത് കഴിഞ്ഞ് ടേക്ക് ആകുമ്പോള്‍ എന്തെങ്കിലും ഒരു ആക്ഷന്‍ കാണിക്കും. എനിക്ക് ചിരി വന്നിട്ട് സഹിക്കാന്‍ പറ്റില്ല. അപ്പോള്‍ ഞാന്‍ പറയും ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയണമെന്ന്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, മമ്മൂകോയ എന്നിവരൊക്കെ എന്തെങ്കിലുമൊക്കെ ടേക്ക് സമയത്ത് കാണിക്കും. അങ്ങനെ ചില സമയത്ത് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റാതെ വന്നിട്ടുണ്ട്.’ ജയറാം പറഞ്ഞു.