തൃശൂർ: സാമൂഹിക പ്രതിബദ്ധത പദ്ധതികൾ സമയബന്ധിതമായി, മികച്ച രീതിയിൽ പൂർത്തീകരിച്ചതിന് ഇക്കണോമിക്സ് ടൈംസ് ഏർപ്പെടുത്തിയ സിഎസ്ആർ അവാർഡ് മണപ്പുറം ഫൗണ്ടേഷൻ കരസ്ഥമാക്കി. ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തുടനീളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മണപ്പുറം ഫൗണ്ടേഷൻ നടപ്പാക്കിയ സന്നദ്ധ സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്.
വലപ്പാട് തിരുപഴഞ്ചേരി കോളനിയുടെ സമഗ്ര വികസനം, വിധവകൾക്കും പാവപ്പെട്ടവർക്കുമായി നടപ്പിലാക്കിയ സായൂജ്യം ഭവന പദ്ധതി, മസ്കുലാർ ഡിസ്ട്രോഫി ബാധിതരും ഭിന്നശേഷിക്കാരുമായ രോഗികൾക്കുള്ള ഇലക്ട്രിക് വീൽചെയർ, മുച്ചക്ര സ്കൂട്ടർ വിതരണം, കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ തുടർ വിദ്യാഭ്യാസ സ്കോളർഷിപ്പ്, നിർധന രോഗികൾക്കുള്ള ചികത്സ സഹായം, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സേവന പ്രവർത്തനം, ജില്ലയിലെ പൊലീസ് സേനയ്ക്കും സർക്കാർ ഏജൻസികൾക്കും നൽകുന്ന സഹായങ്ങൾ, കായിക മേഖലയിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള കൈത്താങ്ങ് എന്നിങ്ങനെ, സംഘടന എന്ന നിലയിൽ സമൂഹത്തിന്റെ സമസ്ത മേഖലയിലും മണപ്പുറം ഫൗണ്ടേഷന് സന്നദ്ധ- സേവന പ്രവർത്തനങ്ങൾ നടത്താനായതായി അവാർഡ് കമ്മിറ്റി വിലയിരുത്തി.
ഡൽഹിയിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർജ് ഡി ദാസ്, ചീഫ് പിആർഒ സനോജ് ഹെർബർട്ട് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.