മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് അയാളും ഞാനും തമ്മില്‍. സിനിമയിലെ ഓരോ കഥാപാത്രത്തെയും ആഴത്തില്‍ തൊട്ടറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചു എന്നുള്ളതാണ് അതിന്റെ കാരണം. പ്രണയ നൈരാശ്യം ഇതിലും ഭംഗിയായി ഒരു ചിത്രത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് സുകുമാരന്റെ അയാളും ഞാനും തമ്മില്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ മേക്കിങ് രീതികള്‍ എങ്ങനെയൊക്കെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
അയാളും ഞാനും തമ്മില്‍ എന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ പൃഥ്വിരാജിനോട് ഒന്ന് പറഞ്ഞു കൊടുത്താല്‍ എനിക്ക് അതൊരു ഉപകാരം ആയേനെ. കാരണം അവന്‍ എന്നെ മറന്നു പോയോ എന്നുള്ള സംശയം ഉണ്ട്. ഇങ്ങനെയൊക്കെ ആളുകള്‍ ഈ സിനിമയെപ്പറ്റി ഇപ്പോഴും ചിന്തിക്കുന്നുണ്ട് എന്ന് പൃഥ്വിരാജ് അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഡേറ്റ് കിട്ടാന്‍ കുറച്ചുകൂടി സൗകര്യം ഉണ്ടായിരുന്നു. അയാളും ഞാനും തമ്മില്‍ ചെയ്യുന്ന സമയത്ത് രാജു സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അറ്റാക്ക് നേരിടുന്ന സമയമായിരുന്നു. ഞാന്‍ ആ സമയത്ത് കസിന്‍സ് എന്ന് പറയുന്ന സിനിമയ്ക്ക് വേണ്ടി ഇവന്റെയും ലാലേട്ടന്റെയും പിന്നാലെ നടക്കുന്ന ഒരു സമയമാണ്. അപ്പോള്‍ ഒരു ദിവസം പൃഥ്വിരാജ് എന്നെ വിളിച്ചിട്ട് പറഞ്ഞു ലാലേട്ടാ ഞാന്‍ ഒരു കഥ കേട്ടു എനിക്ക് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. അവര്‍ അഡ്വാന്‍സ് ഒക്കെയായിട്ടാണ് വന്നത്.
പക്ഷേ ഞാന്‍ വാങ്ങിയില്ല, ലാലു ചേട്ടന്‍ ഡയറക്റ്റ് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നാണ് അവരോട് പറഞ്ഞത്, ലാലു ചേട്ടന്‍ കഥ കേട്ടിട്ട് ഒക്കെയാണെങ്കില്‍ ഞാന്‍ അഡ്വാന്‍സ് മേടിക്കാം എന്ന് പറഞ്ഞു. അല്ലെങ്കില്‍ അവന്‍ അഡ്വാന്‍സ് മേടിക്കില്ല എന്നും പറഞ്ഞു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഏതോ പുതിയ ആളുകള്‍ വന്ന് കഥ പറഞ്ഞിട്ടുണ്ടാകും എന്ന്. കാരണം ഇത്രയും ധൈര്യമായിട്ടാണല്ലോ പറയുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു ശരി അവരോട് വരാന്‍ പറയാന്‍. അപ്പോഴാണ് ഞാന്‍ അറിയുന്നത് വരുന്നത് കറിയാച്ചന്‍ സാറും ബോബി സഞ്ജയും ആണെന്ന്. ഞാന്‍ അവനോട് പറഞ്ഞു, അവര്‍ ഇത്രയും പ്രശസ്തരായിട്ടുള്ള എഴുത്തുകാരാണ്. നീ ഇങ്ങനെയൊക്കെയാണോ അവരുടെ മുന്‍പില്‍ വെച്ച് പറയുന്നത് എന്ന്. അപ്പോള്‍ രാജു പറഞ്ഞു, അങ്ങനെയല്ല കഥ കേട്ടാല്‍ അത് മനസ്സിലാകും എന്ന്. അങ്ങനെയാണ് അവര്‍ വന്നിട്ട് എന്നോട് കഥ പറയുന്നത്. ആ പറഞ്ഞ കഥ പോലെ അല്ല എടുത്തിരിക്കുന്ന സിനിമ.
അന്നത്തെ കഥയുടെ ചില ഏരിയകളില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ചില സ്ഥലങ്ങള്‍ കുറച്ച് ഡ്രൈ ആയി പോകുമോ എന്നുള്ള പേടിയുണ്ടായിരുന്നു. അങ്ങനെ പ്രണയം എന്നൊരു സംഭവം എന്റെ നിര്‍ബന്ധത്തില്‍ വന്നതാണ്. അത് ശരിക്കും അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ കഥ. അത് കാമുകിയെ നഷ്ടപ്പെടുന്നത് ആക്കിയത് എന്റെ നിര്‍ദ്ദേശം ആയിരുന്നു. അന്ന് അതില്‍ അവര്‍ക്ക് വിരോധം ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു, കാമുകിയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം ക്ലീഷേ ആണ് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ക്ലീഷയാണെന്ന് പറഞ്ഞ് അച്ഛനെ അളിയാ എന്ന് വിളിക്കാറില്ലല്ലോ എന്ന്. കാലങ്ങളായിട്ട് അച്ഛനെ അച്ഛാ എന്ന് തന്നെയല്ലേ വിളിക്കുന്നത് അല്ലാതെ അളിയാ എന്നല്ലല്ലോ. പ്രണയം ഉണ്ടാക്കുന്ന പോലെ വേറൊരു വേദന ഇല്ല. ഇപ്പോള്‍ എനിക്ക് ധൈര്യം വരില്ല രാജുവിനെ കൊണ്ട് അങ്ങനെ ഒരു സാധനം ചെയ്യിക്കാന്‍.
കാരണം രാജുവിനുള്ള ഒരു ബേസിക് സാധനം എന്നു പറയുന്നത് അദ്ദേഹത്തിന് ഒരു യോദ്ധാവിന്റെ ശരീരമാണ്. അദ്ദേഹത്തിന്റെ ക്യാരക്ടറിനും ഒക്കെ ഒരു യോദ്ധാവിന്റെ സ്വഭാവമുണ്ട്. ഒരു തകര്‍ന്ന, പൂര്‍ണമായി ഉടഞ്ഞുപോയ ഒരാളായി മാറുക എന്ന് പറയുന്നത് വളരെ ഇതാണ്. മനസ്സില്‍ അത് സ്വീകരിച്ചാല്‍ മാത്രമേ അത് ചെയ്യാന്‍ പറ്റുള്ളൂ. അയാളുടെ ശരീരം കുറച്ചിട്ട് ഒന്നുമില്ല ആ സിനിമയ്ക്ക് വേണ്ടിയിട്ട്. പക്ഷേ അകത്ത് ഒരാള്‍ തകര്‍ന്നാല്‍ അയാളുടെ മുഖം എങ്ങനെയിരിക്കും എന്നുള്ളത് വളരെ മനോഹരമായിട്ട് ആ സിനിമയില്‍ രാജു ചെയ്തു. രാജുവിന്റെ എല്ലാ സിനിമകളും വെച്ചു നോക്കുവാണെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ് അയാളും ഞാനും തമ്മിലാണ്. അതില്‍ എനിക്ക് യാതൊരുതരത്തിലുളള ക്രെഡിറ്റും ഇല്ല.’ ലാല്‍ജോസ് പറഞ്ഞു.