Celebrities

‘തെറ്റ് പറഞ്ഞാല്‍ വിഷമമാവുമോ എന്ന ഭയമായിരുന്നു എനിക്ക്, ഞായറാഴ്ച ആയിട്ടും എന്നെ കാണാന്‍ വന്നു’: സായ് പല്ലവി

എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക

പ്രേമം എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക നടിയാണ് സായ് പല്ലവി. ഇപ്പോള്‍ വലിയ ഫാന്‍ബേസ് ഉള്ള നടികൂടിയാണ് സായ് പല്ലവി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ സായ് പല്ലവി ഇപ്പോള്‍ നായികയായി എത്തുന്നുണ്ട്. താരത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഒരു കുട്ടി എന്ന ഇമേജാണ് സായ് പല്ലവിക്ക് ആരാധകര്‍ നല്‍കുന്നത്.

ദീപാവലിക്ക് റിലീസിന് എത്തുന്ന അമരന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് സായ് പല്ലവി ഇപ്പോള്‍. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകനായി എത്തുന്നത്. ഇപ്പോള്‍ ഇതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. പ്രമോഷന്‍ വേദിയിലെ സായ് പല്ലവിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘മലയാളത്തില്‍ സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു. പെര്‍ഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നു. തെറ്റ് പറഞ്ഞാല്‍ മലയാളികള്‍ക്ക് വിഷമമാവുമോ എന്ന ഭയമായിരുന്നു എനിക്ക്. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ആളുകള്‍ എന്നെ കാണാന്‍ വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല’. സായ് പല്ലവി പറഞ്ഞു.

‘മിക്കപ്പോഴും ബയോപ്പിക്കുകള്‍ പുരുഷ കേന്ദ്രീകൃതമായിരിക്കും. അതിനാല്‍ അതില്‍ നായികയുടെ ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ പ്രശ്‌നമില്ല. ദൈര്‍ഘ്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ നായികയുടെ ഭാഗമാണ് ഒഴിവാക്കുക. അങ്ങനെ അമരനില്‍ ഒരിക്കലും ചെയ്യരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു’. സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

അമരന്റെ സംവിധാനം രാജ്കുമാര്‍ പെരിയസ്വാമിയാണ്. അമരനില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. ചിത്രം ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും.