Celebrities

‘പ്രാര്‍ത്ഥനാ പെട്ടിയില്‍ കൊണ്ടുചെന്ന് പൈസ ഇടുന്നതല്ല ധര്‍മ്മം, ഒരാളെയെങ്കിലും സന്തോഷിപ്പിക്കുക’: ഷീല

ഒരാള്‍ക്ക് എങ്കിലും 10 രൂപ കൊടുക്കണം

മലയാളികളുടെ പ്രിയതാരമാണ് നടി ഷീല. താരത്തിന്റെ അഭിനയ ശൈലി വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതമാണ്. ഏറെ പ്രിയമുള്ളതും ആണ്. എന്നാല്‍ അടുത്തിടെ നടി ഒരു വലിയ ഇടവേള സിനിമയില്‍ നിന്നും എടുത്തിരുന്നു. പിന്നീട് വീണ്ടും തിരിച്ചുവരികയായിരുന്നു. ഇപ്പോള്‍ ഇതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടീ ഷീല

‘ചെറിയ ധര്‍മ്മമെങ്കിലും ഞാന്‍ ചെയ്യാറുണ്ട്. എന്നെക്കൊണ്ട് ആവുന്നത്. എന്റെ ധര്‍മ്മം എന്ന് പറയുന്നത് ഒരിക്കലും പ്രാര്‍ത്ഥന പെട്ടിയില്‍ കൊണ്ടുചെന്ന് പൈസ ഇടുന്നതല്ല. അങ്ങനെയൊന്നും ധര്‍മ്മം ചെയ്യില്ല. ഞാന്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍, ഇന്നലെ ഞാന്‍ കടയില്‍ പോയിട്ട് തിരിച്ചു വരുമ്പോള്‍ വൈകുന്നേരം ആയി. ആറുമണിയോളം ആയി. അപ്പോള്‍ ചെരുപ്പ് തയ്ക്കുന്ന ഒരാള്‍ വഴിയരികില്‍ ഇരിക്കുന്നത് കണ്ടു.’

‘അയാള്‍ അന്നത്തെ ദിവസം അയാള്‍ക്ക് കിട്ടിയ പൈസ ഇങ്ങനെ എണ്ണി കൊണ്ടിരിക്കുകയാണ്. 5 രൂപ, 10 രൂപ ഒക്കെ എണ്ണുകയായിരുന്നു. ഞാന്‍ പുറകില്‍ നിന്ന് അയാളെ കുറച്ചുനേരം നോക്കി. ഞാന്‍ വേഗം അങ്ങോട്ട് ചെന്ന് 500 രൂപ അയാളുടെ കൈയ്യില്‍ കൊടുത്തിട്ട് കാറില്‍ കയറി. അയാള്‍ ഞെട്ടിപ്പോയി. അയാള്‍ പെട്ടെന്ന് അമ്മ.. എന്ന് വിളിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു കൈയ്യില്‍ വെച്ചോളൂ എന്ന്.’

‘എന്നിട്ട് ഞാന്‍ വേഗം കാറില്‍ കയറിപ്പോയി. അപ്പോള്‍ അയാള്‍ക്ക് ഉണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ. ആ നിമിഷത്തില്‍ അയാള്‍ക്ക് കിട്ടുന്ന സന്തോഷം, അതാണ് ഏറ്റവും വലുത്. അല്ലാതെ വെറുതെ എല്ലാവരും കാണ്‍കെ ചെയ്യുന്നതൊന്നും അല്ല. ഞാന്‍ ഇപ്പോള്‍ ഇത് പറയുന്നത് പോലും ചോദിച്ചതുകൊണ്ട് മാത്രമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അവിടെ ഇരുന്നു എന്ത് കഷ്ടപ്പെട്ടാണ് പൈസ ഉണ്ടാക്കുന്നത്. അപ്പോള്‍ നമ്മള്‍ ഒരു ദിവസം ഒരാള്‍ക്ക് എങ്കിലും 10 രൂപ കൊടുക്കണം. നമ്മളെ കൊണ്ട് ഒരാളെയെങ്കിലും സന്തോഷിപ്പിക്കുക. അങ്ങനെ വിചാരിച്ചാല്‍ അത് തന്നെ മതി.’ ഷീല പറഞ്ഞു.