Celebrities

ശില്‍പ ഷെട്ടിയുടെ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത ആഡംബര കാര്‍ മോഷണം പോയി; കേസെടുത്ത് പോലീസ്

ബോളിവുഡ് സൂപ്പര്‍താരം ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ശൃംഖലയാണ് ബാസ്റ്റ്യന്‍ റസ്റ്റോറന്റ്. മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റസ്റ്റോറന്റ് ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ മുംബൈയിലെ ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റേറന്റ് ആണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. 80 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ആഡംബരക്കാര്‍ ശില്‍്പാ ഷെട്ടിയുടെ ഹോട്ടലിലെ വാലറ്റ് പാര്‍ക്കിങ്ങില്‍ നിന്നും മോഷണം പോയതാണ് വാര്‍ത്ത.

മുംബൈയിലെ പ്രമുഖ വ്യവസായിയുടേതാണ് മോഷണം പോയ കാര്‍. സംഭവത്തെ തുടര്‍ന്ന് ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തിന്റെ കൂടെ റസ്റ്റോറന്റില്‍ എത്തിയ വ്യവസായി വാഹനം വാലറ്റ് പാര്‍ക്കിങ്ങിനായി നല്‍കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ ഹോട്ടലില്‍ എത്തിയത്. തിരിച്ചു ഭക്ഷണം കഴിച്ച് നാലുമണിയോടെ തിരികെ പോകാനായി എത്തി കാര്‍ ചോദിച്ചപ്പോളാണ് മോഷണ വിവരം ഉടമസ്ഥന്‍ അറിയുന്നത്. തുടര്‍ന്ന് ഹോട്ടലിലെ സിസിടിവി പരിശോധിക്കുകയും സിസിടിവിയില്‍ നിന്നും അജ്ഞാതരായ രണ്ടുപേര്‍ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.

വാഹനത്തിന്റെ സോഫ്റ്റ്വയര്‍ ഹാക്ക് ചെയ്തായിരിക്കാം മോഷ്ടാക്കള്‍ വാഹനം അണ്‍ലോക്ക് ചെയ്തത് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. അജ്ഞാതരായ രണ്ടുപേരില്‍ ഒരാള്‍ മോഷണംപോയ വാഹനം ഓടിച്ചു പോകുന്ന വീഡിയോ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റേ ആള്‍ അവര്‍ എത്തിയ വാഹനം ഓടിച്ചു പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി വിശദമായി പരിശോധിച്ചു എന്നും മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഹോട്ടല്‍ ഉടമസ്ഥയായ ശില്‍പ ഷെട്ടി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.