Movie News

ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്; ആദ്യ സിനിമ 100 കോടി ബഡ്ജറ്റിൽ | bobby-chemmannur-cinema

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് തന്റെ ആദ്യ സിനിമയെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി

തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ സിനിമാ മേഖലയിലേക്കും. ‘ബോചെ സിനിമാനിയ’ എന്ന ബാനറിൽ സിനിമാ നിർമ്മിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ തീരുമാനം. താൻ നിർമ്മിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ബോചെയുടെ ആദ്യ സിനിമ.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് തന്റെ ആദ്യ സിനിമയെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത് ബിഗ് ബ‌ഡ്ജറ്റ് സിനിമയായിരിക്കും. 100 കോടി രൂപയെങ്കിലും ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

സിനിമയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ,​ ചൂരൽമല നിവാസികളുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കും. നിരവധി തിരക്കഥകൾ ഇതിനോടകം തന്നെ സിനിമകൾക്ക് വേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന സിനിമകൾ എല്ലാ സിനിമാ പ്രേമികൾക്കും പ്രതീക്ഷിക്കാമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു ഇതോടൊപ്പം പാതി വഴിയിൽ മുടങ്ങിയതും പ്രതിസന്ധിയിലായതുമായ സിനിമകൾക്ക് ഫണ്ട് ചെയ്യാനും പദ്ധതിയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബി, എം.എസ്.ശബരീഷ്, സാം സിബിൻ, അൻഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

content highlight: bobby-chemmannur-cinema