Celebrities

വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടി, എന്റെ അച്ഛനും കുടുംബത്തിനും വലിയ വിഷമമായിരുന്നു ആ സമയത്ത്’: വിദ്യ ബാലന്‍

ഫലം നോക്കിയല്ല അതൊന്നും ചെയ്തത്

കലാരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി നടിയാണ് വിദ്യ ബാലന്‍. സിനിമകളില്‍ എന്നപോലെതന്നെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഭൂല്‍ഭുലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യാബാലന്റെ അടുത്ത റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് താരം ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളിലും സജീവമാണ്. ഇപ്പോള്‍ ഇതാ ഭൂല്‍ഭുലയ്യയുടെ ആദ്യ ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍.

‘ഭൂല്‍ഭുലയ്യയിലെ മഞ്ജുലികയായി ഞാന്‍ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും അതിന് അവാര്‍ഡ് നല്‍കണമായിരുന്നുവെന്നും എന്റെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം മലയാള സിനിമയുടെ റീമേക്കായിരുന്നുവെന്നും അതിന് നോമിനേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്നും ഞാന്‍ അച്ഛനോട് പറഞ്ഞു. എന്നാല്‍ അന്ന് അദ്ദേഹത്തിന് അത് വല്ലാത്ത സങ്കടമായിരുന്നു. ഈ വര്‍ഷം എന്റെ പെര്‍ഫോമന്‍സ് മാത്രമല്ല ഉണ്ടായിരുന്നതെന്നും എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച വേറെ ആളുകളുണ്ടെന്നും അച്ഛനോട് ഞാന്‍ പറഞ്ഞു. എന്നാലും എന്റെ അച്ഛനും കുടുംബത്തിനും അതിനായ വിഷമമുണ്ടായിരുന്നു.

‘ഞാന്‍ അനുഗ്രഹീതയാണെന്നാണ് തോന്നുന്നത്. ഞാനെന്നും എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം നോക്കിയല്ല അതൊന്നും ചെയ്തത്. എന്നിട്ട് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെന്നും എനിക്ക് സന്തോഷമുണ്ട്.പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ പ്രകടനത്തിന് എനിക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ്. ഞാനെപ്പോഴും മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്.’ വിദ്യ ബാലന്‍ പറഞ്ഞു.

മലയാള സിനിമയെ കുറിച്ചും താരം സംസാരിച്ചു. ‘ഉര്‍വശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. ഹിന്ദിയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കോമഡി റോളുകള്‍ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് ഉര്‍വശിയും ശ്രീദേവിയുമാണ്. ഇന്‍സ്റ്റഗ്രാമിലെ കോമഡി റീലുകള്‍ ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതല്‍ മലയാള സിനിമകള്‍ കാണാന്‍ കഴിയുന്നുണ്ട്. ഫഹദിന്റെ വര്‍ക്കുകള്‍ അതിശയകരമാണ്, വളരെ ഇഷ്ടമാണ് ഫഹദിന്റെ സിനിമകള്‍. ബേസില്‍ ജോസഫ്, അന്ന ബെന്‍ എന്നിവരും പ്രിയപ്പെട്ടവരാണ്. നല്ല കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും’. വിദ്യാ ബാലന്‍ പറഞ്ഞു.