Celebrities

‘ചിരിച്ചുകൊണ്ട് നില്‍ക്കണം എന്നാണ് അവര്‍ പറഞ്ഞത്, കുറച്ചുകഴിഞ്ഞപ്പോളേക്കും ചിലരൊക്കെ കരയാന്‍ തുടങ്ങി’: മിയ ജോര്‍ജ്

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് മിയ ജോര്‍ജ്. പ്രത്യേക അഭിനയ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സിനിമയില്‍ മിയക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.

‘ചെറിയ പിള്ളേരുടെ മത്സരം ആയിരുന്നു അത്. മൂന്ന് വയസ്സ് മുതല്‍ 5 വയസ്സ് വരെയുള്ള പിള്ളേര്‍ക്ക് അതില്‍ പങ്കെടുക്കാം. അപ്പോള്‍ പത്രത്തില്‍ ഇതിന്റെ പരസ്യം വന്നു. ടൗണ്‍ഹാളില്‍ ഇന്ന പ്രായം വരെയുള്ള കുട്ടികള്‍ക്ക് പുഞ്ചിരി മത്സരം എന്ന്. മമ്മി നേരെ ചെന്ന് എന്റെ പേര് കൊടുത്തു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അവിടെ എത്തിയപ്പോള്‍ പല്ല് കാണിക്കാന്‍ പാടില്ല. പുഞ്ചിരിയാണ്, ചിരിയല്ല. പുഞ്ചിരിയല്ലേ അപ്പോള്‍ പല്ല് കാണിക്കാതെ ചിരിക്കണം. ഞാന്‍ ഓര്‍ക്കുന്നുണ്ട്, മൂന്നു വയസ്സിലും ഞാന്‍ പങ്കെടുത്തു, എന്റെ അഞ്ചാമത്തെ വയസ്സിലും ഞാന്‍ പങ്കെടുത്തു. അഞ്ചാമത്തെ വയസ്സില്‍ ആണെന്ന് തോന്നുന്നു, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് വന്നപ്പോള്‍ ഫൈനല്‍ ആയി, ഫൈനലില്‍ ഞാന്‍ എത്തി.’

‘അപ്പോള്‍ അവര്‍ പറഞ്ഞത് ഒരു മിനിറ്റ് ചിരിച്ചുകൊണ്ട് നില്‍ക്കണം എന്നാണ്. അങ്ങനെ മത്സരം തുടങ്ങി. ആദ്യം ചിരിച്ചുകൊണ്ട് ഒക്കെ നില്‍ക്കും. പക്ഷേ കുറെ കഴിഞ്ഞപ്പോള്‍ ചില കുട്ടികളൊക്കെ കരയാന്‍ തുടങ്ങി. പുഞ്ചിരി മത്സരത്തില്‍ കരഞ്ഞ പിള്ളേര് വരെ ഉണ്ട്. കാരണം ചിരിച്ചുകൊണ്ട് നിന്നു മടുത്തു. പിള്ളേരല്ലേ അവര്‍ക്ക് മടുക്കും. ഒരുപാട് നേരമൊക്കെ അങ്ങനെ നില്‍ക്കേണ്ടേ. അങ്ങനെ ഞാന്‍ രണ്ട് പ്രാവശ്യം അതായത് മൂന്നു വയസ്സിലും അഞ്ചാം വയസ്സിലും ഞാന്‍ പുഞ്ചിരി മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനൊക്കെ എനിക്ക് സമ്മാനവും ലഭിച്ചിട്ടുണ്ട്.’

മലയാള സിനിമയില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മിയ സംസാരിച്ചു. ‘അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും എനിക്കുണ്ട്. ഇഷ്ടംപോലെയുണ്ട്. ഇഷ്ടംപോലെ സിനിമകളില്‍ നിന്ന് എനിക്ക് ശമ്പളമായി കിട്ടാനുണ്ട്. നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കും. പക്ഷെ കിട്ടണമെന്നില്ല. അഞ്ചുകൊല്ലം കഴിഞ്ഞ് ചോദിച്ചാലും കുറച്ച് പ്രശ്നത്തിലാണ് എന്നാണ് പറയുക. കിട്ടുമ്പോള്‍ ആദ്യം നിങ്ങളെ സെറ്റില്‍ ചെയ്യും എന്ന് പറയും. നമുക്കിപ്പോള്‍ ചെന്ന് ആരുടെയും കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച് ഗുണ്ടായിസം കാണിക്കാന്‍ ഒന്നും പോകുന്നില്ല. ആ ഒരു പ്രഷര്‍ എടുക്കുന്നില്ല.’

‘പക്ഷെ ചിലര് ചില മിടുക്കുള്ള ആര്‍ട്ടിസ്റ്റുകള്‍ പറയും പൈസ സെറ്റില്‍ ചെയ്താലേ ഡബ്ബിങ്ങിന് വരുത്തുള്ളൂ എന്ന്. ശബ്ദം നന്നായിട്ട് അറിയാവുന്ന ആള്‍ക്കാരാണ് എന്നുണ്ടെങ്കില്‍, അവര്‍ക്ക് വേറൊന്നും ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ നിര്‍ബന്ധരായി എങ്ങനെയും മാല പണയം വെച്ചിട്ടാണെങ്കിലും ഈ കടുംപിടുത്തം പിടിക്കുന്നവരുടെ പൈസ സെറ്റില്‍ ചെയ്യും. അവര് അടിപൊളിയായിട്ട് വന്ന് ഡബ്ബ് ചെയ്തിട്ട് പൈസ മേടിച്ചോണ്ട് പോകും. നമ്മള്‍ ആത്മാര്‍ത്ഥതയുടെ നിറകുടമായിട്ട് സിനിമ നന്നാവട്ടെ അവര്‍ തരുമായിരിക്കും എന്നൊക്കെ വിചാരിച്ച് നില്‍ക്കുമ്പോള്‍, നമുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവര്‍ മേടിച്ചു പോവുകയും ചെയ്യും. അവസാനം നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് നമുക്കൊന്നും കിട്ടുന്നുമില്ല.’, മിയ പറഞ്ഞു.