സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തനിക്ക് മുന്നില്‍ കാണുന്ന തെറ്റുകുറ്റങ്ങള്‍ എല്ലാം തുറന്ന മനസ്സോടെ വെട്ടിത്തുറന്ന് പറയാറുളള ആളാണ് രഞ്ജു രഞ്ജിമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ ഇങ്ങോട്ട് തന്റേതായ എല്ലാ അഭിപ്രായങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോളിതാ തന്റെ മേക്കപ്പ് രീതികളെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം.
‘എന്റെ മേക്കപ്പ് ടൂള്‍സ് എന്നുപറയുന്നത് തീപ്പെട്ടി കോല്‍ ആയിരുന്നു. തീപ്പെട്ടി കോല്‍ കത്തിച്ച് അത് കത്തി കഴിയുമ്പോഴേക്കും അതില്‍ തുപ്പല്‍ തൊട്ടിട്ട് പുരികം വരയ്ക്കുമായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ മേക്കപ്പ് ടൂള്‍. ആദ്യമായി മേക്കപ്പ് ചെയ്ത ഭാഗവും അത് തന്നെയാണ്. അതുകൊണ്ടാണ് ഇപ്പോഴും എന്റെ പുരികം പലരും പറയുന്നത്, കൊത്തിവെച്ച പോലെയാണ് ഇരിക്കുന്നത് എന്ന്. ഈ സ്റ്റാച്ച്യുവിലൊക്കെ കാണുന്ന പോലത്തെ പുരികം, അതേപോലെ പെര്‍ഫെക്റ്റ് ആണ് എന്ന് പലരും എന്നോട് പറയാറുണ്ട്. അതുപോലെതന്നെ കണ്ണും. എനിക്ക് കണ്ണും പുരികവുമാണ് മെയിന്‍ പാര്‍ട്ട് എന്ന് പറയുന്നത്.
മേക്കപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഞാന്‍ ഒരു പെണ്‍കുട്ടിയായിട്ടിരുന്നാല്‍, പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും കണ്ണുകള്‍ എങ്ങനെയായിരിക്കും പുരികം ഇരിക്കുന്നത് എങ്ങനെയായിരിക്കും ലിപ്പ് ഇരിക്കുന്നത് ഇതൊക്കെയാണ് എന്റെ കോണ്‍സെപ്റ്റുകള്‍. അതാണ് ഞാന്‍ മറ്റൊരാള്‍ക്ക് പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നത്. മേക്കപ്പ് ഫീല്‍ഡിലേക്ക് ഞാന്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. വഴിതെറ്റി വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ഞാന്‍.
‘ഞാനെന്റെ സ്ത്രീത്വം ഇപ്പോള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. സാരിയൊക്കെ ഉടുത്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നുന്നു. എത്രയോ കാിങ്ങളായിട്ട് ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതിലേക്കുള്ള യാത്ര പക്ഷേ ഭയങ്കര സ്ട്രഗ്ലിങ് ആയിരുന്നു. അത് അത്രത്തോളം ആയിരുന്നു. അത് എങ്ങനെ വിശദീകരിച്ചാലും ഒരു തുള്ളി കണ്ണുനീര്‍ എവിടെ നിന്നെങ്കിലും വരും. അത് വരാതിരിക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പണ്ടൊക്കെ ഞാന്‍ തുടങ്ങുമ്പോള്‍ തന്നെ കരച്ചിലായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അതിനോട് യൂസ്ഡ് ആയി.’ രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.