Celebrities

‘സിനിമയില്‍ ആത്മാര്‍ത്ഥത കുറവാണ്, കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുളള ആര്‍ട്ടിഫിഷ്യല്‍ സ്‌നേഹവും പ്രകടനവും ഒക്കെ ആയിപ്പോയി’: രാജസേനന്‍

ഹോട്ടല്‍ മുറി ചെറുതായി പോയി എന്ന് പറഞ്ഞ് പരാതിപ്പെട്ടതായി എനിക്കറിയില്ല

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനന്‍. രാജസേനന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഇതാ പഴയ സിനിമ മേഖലയെയും പുതിയ നടന്മാരെയും താരതമ്യം ചെയ്യുകയാണ് നടന്‍ രാജസേനന്‍. പഴയകാല അതുല്യ പ്രതിഭകളായ നടി നടന്മാരെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സിനിമയില്‍ ആത്മാര്‍ത്ഥത വളരെ കുറവാണ്. ബന്ധങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഇപ്പോഴത്തെ സിനിമയില്‍ ആളുകള്‍ കുറവാണ്. നേരത്തെ അങ്ങനെയല്ല. സത്യന്‍ മാഷ്, നസീര്‍, കെ പി ഉമ്മര്‍, അടൂര്‍ ഭാസി, ജയഭാരതി, ഷീല, ശാരദ, മീന ചേച്ചി, ടി ആര്‍ ഓമന ആ കാലഘട്ടത്തിലെ സിനിമയില്‍ അവരുടെ യഥാര്‍ത്ഥ സ്‌നേഹം ഞാന്‍ കണ്ടിട്ടുള്ളതാണ്. ഞാന്‍ മീന ചേച്ചിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ ഞാന്‍ ഒരു ആല്‍ബം കണ്ടു. അതില്‍ ഞാന്‍ കണ്ടതാണ്, മീന ചേച്ചിയുടെ ഡെഡ്‌ബോഡിയില്‍ വീണു കിടന്ന് കരയുകയാണ് ശാരദാമ്മയും ഷീലാമ്മയും ജയഭാരതി ചേച്ചിയും ഒക്കെ. അങ്ങനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എവിടെയെങ്കിലും. സ്വന്തം സഹോദരിയോ അമ്മയോ ഒക്കെ മരിച്ചാല്‍ ചെയ്യുന്ന അതേ ഒരു ആറ്റിറ്റിയൂഡില്‍ നടികള്‍. അന്ന് അതൊരു റിയല്‍ ലവ് ആയിരുന്നു.’

‘ഇന്ന് പക്ഷേ മെക്കാനിക്കല്‍ ലവ് ആണ്. ഒരു മെക്കാനിസം ഉണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഒരുതരം ആര്‍ട്ടിഫിഷ്യല്‍ സ്‌നേഹവും പ്രകടനവും ഒക്കെ ആയിപ്പോയി. അന്നത്തെ കാലത്ത് ആര്‍ക്കും ഒന്നും നേടിയെടുക്കേണ്ട. കാരണം അവരെ തേടി ചെല്ലുകയാണ് എല്ലാം. നസീര്‍ സാറിനെ സംബന്ധിച്ചിടത്തോളം നസീര്‍ സാര്‍ ആരെയെങ്കിലും വിളിച്ചു ചാന്‍സ് ചോദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ പുള്ളി ആരെയും വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല. ഒരു സിനിമ പൊട്ടിയാല്‍ പുള്ളി ആ നിര്‍മ്മാതാവിനെ ആദ്യം വിളിക്കും. വേറെ ഒരു നടനും നടിയും വിളിക്കുന്നതിന് മുന്‍പ് നസീര്‍ സാര്‍ വിളിക്കും. എന്നിട്ട് പറയും വിഷമിക്കേണ്ട അടുത്ത പടം പ്ലാന്‍ ചെയ്‌തോളൂ എന്റെ അഡ്വാന്‍സ് ഒന്നും കാര്യമാക്കണ്ട സിനിമ പ്ലാന്‍ ചെയ്‌തോളൂ എന്ന്. നസീര്‍ സര്‍ വിളിച്ചുകൊണ്ടിരുന്നത് ആ സിനിമയുടെ നിര്‍മ്മാതാക്കളയാണ്.’

‘പക്ഷേ ഇപ്പോള്‍ പൊട്ടിയ നിര്‍മ്മാതാക്കള്‍ തിരിച്ചു വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. കാരണം അയാള്‍ വിളിച്ച് ഇനി അടുത്ത പടത്തിന്റെ ഡേറ്റ് ചോദിച്ചാലോ എന്ന് നടന്മാര്‍ക്ക് പേടിയാണ്. ഫോണ്‍ എടുക്കാറില്ല. ഇപ്പോള്‍ നിര്‍മ്മാതാവ് പൊട്ടിയാലും സംവിധായകന്‍ പൊട്ടിയാലും ഒരേ അവസ്ഥ തന്നെയാണ്. നസീര്‍ സാര്‍ അന്ന് പറഞ്ഞതുപോലെ ഇന്നത്തെ തലമുറയില്‍ അങ്ങനെ പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. തൊട്ടുമുമ്പിലുള്ള തലമുറയില്‍ ആണല്ലോ ഞാന്‍ നിന്നത്. അങ്ങനെയുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ജയറാമിന്റെ വേറെ ചില ക്വാളിറ്റീസ് ഉണ്ട്. അത് പറയാതിരിക്കാന്‍ പറ്റില്ല.”

‘ജയറാം ഒരു നിര്‍മ്മാതാവ് ആയതുകൊണ്ട് പൈസയ്ക്ക് ഒരിക്കലും പിണങ്ങിയ കാര്യം എനിക്കറിയില്ല. അതുപോലെതന്നെ ആഹാരത്തിന് പിണങ്ങിയത് എനിക്കറിയില്ല. എന്തെങ്കിലും ഡ്രസ്സുമായി ബന്ധപ്പെട്ട് വഴക്ക് കൂടിയ കാര്യം എനിക്കറിയില്ല, ഹോട്ടല്‍ മുറി ചെറുതായി പോയി എന്ന് പറഞ്ഞ് പരാതിപ്പെട്ടതായി എനിക്കറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇത്രയും സമാധാനത്തോടെ കൊണ്ടുപോകാന്‍ പറ്റുന്ന ഒരു ആര്‍ട്ടിസ്റ്റ് വേറെ ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ സംശയമാണ് ആ കാര്യത്തില്‍. ജയറാം അങ്ങനെയാണ്. അത് ഒരു പരിധിവരെ സുരേഷ് ഗോപിക്കും ഉണ്ട്.’ രാജസേനന്‍ പറഞ്ഞു.