Celebrities

‘എനിക്ക് ലോട്ടറി അടിച്ചപോലെ ആയിരുന്നു, അദ്ദേഹത്തെ കണ്ടിരിക്കുന്നത് പോലും വലിയ കാര്യമാണ്’: സഞ്ജു ശിവറാം

വളരെ ഓര്‍ഗാനിക്ക് ആയി വരുന്നതാകും അദ്ദേഹത്തിന്റെ ആദ്യ ടേക്ക്

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു റോഷാക്ക്. ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു അത്. ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സഞ്ജു ശിവറാം. ഇപ്പോള്‍ ഇതാ സഞ്ജു ശിവറാം മമ്മൂട്ടിയെക്കുറിച്ചും റോഷാക്ക് എന്ന സിനിമയെക്കുറിച്ചും സംസാരിക്കുകയാണ്.

‘ലൂക്ക് ആയിട്ട് വലിയൊരു മാറ്റം ആണ് മമ്മൂട്ടി റോഷാക്കില്‍ നടത്തിയത്. അദ്ദേഹം അതിന് വേണ്ടി തയ്യാറെടുക്കുന്നതോ ആ മൂഡില്‍ നില്‍ക്കുന്നതോ ഒന്നും നമ്മള്‍ കണ്ടിട്ടില്ല. അദ്ദേഹം വളരെ കൂള്‍ ആയി വന്ന് ആ ഒരു മൊമെന്റില്‍ അഭിനയിച്ചിട്ട് പോകും. വളരെ ഇന്റെന്‍സ് ആയ സീനുകളും ഡയലോഗ് ഡെലിവെറിയുമാണ് ആ സിനിമയില്‍ മമ്മൂക്കയ്ക്ക് ഉള്ളത്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നതും അദ്ദേഹത്തെ കണ്ടുകൊണ്ട് ഇരിക്കുന്നത് പോലും വലിയ കാര്യമാണ്.’

‘മമ്മൂക്കയുടെ ആദ്യ ടേക്ക് എപ്പോഴും അതിഗംഭീരമായിരിക്കും. വളരെ കൂള്‍ ആയിട്ടാണ് അദ്ദേഹം റോഷാക്കിലെ ലൂക്ക് ആന്റണി ആയി മാറിയത്. വളരെ ഓര്‍ഗാനിക്ക് ആയി വരുന്നതാകും അദ്ദേഹത്തിന്റെ ആദ്യ ടേക്ക്. റോഷാക്ക് പോലെ വ്യത്യസ്തമായ ഒരു തീം എടുത്ത് അതില്‍ അഭിനയിക്കുന്നതിനോടൊപ്പം അത് നിര്‍മ്മിക്കുകയും ചെയ്തതില്‍ അദ്ദേഹത്തെ അഭിനന്ദിക്കണം.

‘എനിക്ക് ലോട്ടറി അടിച്ചപോലെ ആയിരുന്നു. എനിക്ക് ലോട്ടറി അടിച്ചു എന്ന് പറയുന്നത്, എന്റെ മനസ്സിലെ സന്തോഷമാണ്. എനിക്ക് അത്രയും നല്ല എക്‌സ്പീരിയന്‍സ് ആണ് റോഷാക്കില്‍ നിന്ന് ലഭിച്ചത്. ഞാന്‍ അതില്‍ വലിയ സന്തോഷവാനാണ്. ഇത്രയും നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. ഇത്രയും നാള്‍ ഞാന്‍ ചെയ്ത സിനിമകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു റോഷാക്കില്‍ എന്റേത്. ഞാന്‍ അത്തരത്തിലുള്ള ക്യാരക്ടര്‍ ചെയ്തിട്ടേ ഇല്ല. ഒരുപാട് ആഗ്രഹം തോന്നിയിരുന്നു അത്തരം ഒരു കഥാപാത്രം കിട്ടാന്‍. ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം.’ സഞ്ജു ശിവറാം പറഞ്ഞു.

മമ്മൂട്ടി കമ്പനിയായിരുന്നു റോഷാക്ക് എന്ന സിനിമ നിര്‍മ്മിച്ചത്. ആസിഫ് അലി, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലെ ബിന്ദു പണിക്കരുടെയും മമ്മൂട്ടിയുടെയും പ്രകടനങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒരു റിവഞ്ച് ത്രില്ലര്‍ ചിത്രമായിരുന്നു റോഷാക്ക്.