Celebrities

‘മാറി നില്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാം, ചുറ്റുമുള്ളതൊന്നും സ്ഥിരമല്ല’: സായ് പല്ലവി

പ്രേമം എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക നടിയാണ് സായ് പല്ലവി. ഇപ്പോള്‍ വലിയ ഫാന്‍ബേസ് ഉള്ള നടികൂടിയാണ് സായ് പല്ലവി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ സായ് പല്ലവി ഇപ്പോള്‍ നായികയായി എത്തുന്നുണ്ട്. താരത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഒരു കുട്ടി എന്ന ഇമേജാണ് സായ് പല്ലവിക്ക് ആരാധകര്‍ നല്‍കുന്നത്.

അമരന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് സായ് പല്ലവി ഇപ്പോള്‍. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകനായി എത്തുന്നത്. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷകരെക്കുറിച്ചും തന്റെ ആദ്യ ചിത്രമായ പ്രേമം എന്ന സിനിമയെക്കറിച്ചും പറയുകയാണ് താരം.

‘ഇപ്പോഴും കേരളത്തില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ മലര്‍ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്‌നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. ചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറില്‍ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേള്‍ക്കുന്നത്. ആദ്യത്തെ രണ്ട് ലൈന്‍ കേട്ടപ്പോള്‍ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈന്‍ തുടങ്ങുന്നത്. അത് കേട്ടപ്പോള്‍ ആകെ സര്‍പ്രൈസ് ആയി. അത് മലരിനെ കുറിച്ചുള്ള പാട്ടായത് കൊണ്ടല്ല, എന്റെ ക്യാരക്ടറിനുള്ള പാട്ടിയിരുന്നില്ലെങ്കിലും അതിനോട് എനിക്ക് അത്രയും ഇഷ്ടമുണ്ട്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്.’

‘ഒരു അഭിനേതാവെന്ന നിലയ്ക്ക് താന്‍ സ്വയം വിലയിരുത്തുന്ന ഗുണങ്ങള്‍, നല്ല അച്ചടക്കവും ആത്മാര്‍ഥതയും പാഷനോടു കൂടി ജോലി ചെയ്യാനുള്ള മനസ്സുമുണ്ടെന്നതാണ്. ചുറ്റുള്ളതൊന്നും ഇപ്പോള്‍ അനുഭവിക്കുന്നതൊന്നും സ്ഥിരമായിട്ടുള്ളതല്ല എന്ന് എനിക്കറിയാം. എല്ലാവര്‍ക്കും അത്തരമൊരു ഘട്ടവും സമയവും ജീവിതത്തിലുണ്ടാവും. നല്ല സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ കഴിവുള്ളയാള്‍ മുന്നോട്ടുവരുമ്പോള്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാം. അതുമനസ്സിലുള്ളത് കൊണ്ട് കിട്ടുന്ന അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ച് മുന്നോട്ടുപോവുകയാണ്. ബോളിവുഡിലും ഇപ്പോള്‍ ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. സീത എന്നാണ് പേര്. രണ്‍ബീറിനൊപ്പമാണ് ചിത്രം ചെയ്യുന്നത്.’ സായ് പല്ലവി പറഞ്ഞു.