ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടനവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ ആണ്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു താരം. ഇന്നും നിരവധി നടന്മാർ സിനിമാരംഗത്തേക്ക് കടന്നുവന്നെങ്കിലും മോഹൻലാൽ എന്ന വിസ്മയം ഇരിക്കുന്ന തട്ട് താണുത്തന്നെ ഇരിക്കും.
മലൈക്കോട്ടൈ വാലിബനുശേഷം ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമ റിലീസ് ചെയ്തിട്ടില്ല. ബറോസ്, എൽ 360, എമ്പുരാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ സിനിമ. ഈ മൂന്ന് സിനിമകളിലൂടെ താരം വമ്പൻ തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്. സംവിധായകന്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച അനീഷ് ഉപാസന മോഹൻലാലിനൊപ്പം നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ ഫോട്ടോഷൂട്ടുകൾ മിക്കവയും അനീഷാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ താരവുമൊത്തുള്ള അനുഭവം ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനീഷ് ഉപാസന പങ്കിട്ടിരിക്കുന്നു. മോഹൻലാലിനൊപ്പം ഒരു ഷോപ്പ് ഉദ്ഘാടനത്തിന് പോയപ്പോഴുള്ള അനുഭവമാണ് അനീഷ് പങ്കിട്ടത്.
സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം…
എന്റെ സെലിബ്രിറ്റി സുഹൃത്ത് സൈജു കുറുപ്പാണ്. അദ്ദേഹം ഫ്ലാറ്റിൽ വരികയും ഞങ്ങൾ സിനിമ ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. ലാൽ സാറിനെ സുഹൃത്തെന്ന് പറയാൻ പറ്റില്ലല്ലോ. പക്ഷെ ലാൽ സാറുമായിട്ടാണ് ഞാൻ കൂടുതൽ സംസാരിക്കുന്നത്. പക്ഷെ അതെല്ലാം ഒഫീഷ്യൽ കാര്യങ്ങളാണ്.
തന്റെ ചിരിക്കുന്ന ഫോട്ടോ മാത്രം എടുക്കുന്നുവെന്നതാണ് ലാൽ സാർ പൊതുവെ പറയാറുള്ള പരാതി. അതുപോലെ ഒരിക്കൽ കരുനാഗപ്പള്ളിയിൽ ഒരു ഷോപ്പിന്റെ ഉദ്ഘാടനം ലാൽ സാറാണ് ചെയ്തത്. അതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തത് ഞാനാണ്. ചടങ്ങിനെത്തും മുമ്പ് പോലീസൊക്കെ ഇല്ലേയെന്ന് ലാൽ സാർ എന്നെ വിളിച്ച് അന്വേഷിച്ചിരുന്നു. ശേഷം ലാൽ സാർ വന്നു പരിപാടിയിൽ പങ്കെടുത്തു.
അപ്പോഴേക്കും ആളും ബഹളവും ജനക്കൂട്ടവുമായി. എങ്ങനെയൊക്കയോവാണ് ഞാൻ സാറിനെ കാറിൽ കയറ്റി വിട്ടത്. കുറച്ച് കഴിഞ്ഞപ്പോൾ കാർ ഡ്രൈവർ വിളിച്ച് പറഞ്ഞു… ലാൽ സാറിന് കൊച്ചിക്കാണ് പോകേണ്ടത് പക്ഷെ ഇപ്പോൾ തിരുവനന്തപുരം റൂട്ടിലാണ് പോകുന്നതെന്ന്. ആളും ബഹളവും കാരണം റോഡ് ബ്ലോക്കായതിനാൽ വണ്ടി തിരിക്കാൻ ഡ്രൈവർക്ക് സാധിച്ചില്ല. ഞാൻ സിഐയുടെ എടുത്ത് പോയി കാര്യം പറഞ്ഞു.
അദ്ദേഹം എന്നെ പോലീസ് വണ്ടിയിൽ കയറ്റി ലാൽ സാറിന്റെ വണ്ടിപോയ റൂട്ടിലൂടെ പോയി. കുറേ അങ്ങ് എത്തിയപ്പോൾ വണ്ടി കണ്ടു. ലാൽ സാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ചാടിയിറങ്ങി നോക്കിയപ്പോൾ ഹൈവേയാണ്. വണ്ടി തിരിച്ച് കൊച്ചി റൂട്ടിൽ കയറാനുള്ള മാർഗമില്ല. ശേഷം ഞാൻ സിഐയോട് കുറച്ച് നേരം ഹൈവെ വൺവെ ആക്കി തരാമോയെന്ന് ചോദിച്ചു.
ഹൈവെ വൺവെ ആക്കാൻ പറയാൻ താനാരാടോ… അതൊന്നും പെട്ടന്ന് പറ്റില്ല വേറെ പെർമിഷൻ എടുക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റ് തന്നാൽ മതിയെന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അവസാനം പോലീസുകാർ കുറച്ച് സമയത്തേക്ക് വൺവേയാക്കി തന്നു. അങ്ങനെയാണ് ലാൽ സാറിന്റെ വണ്ടി തിരിച്ച് കൊച്ചി റൂട്ടിലേക്ക് കയറ്റി വിട്ടത്.
ലാൽ സാർ 99 ശതമാനവും ദേഷ്യപ്പെടാത്തയാളാണ്. പക്ഷെ നമ്മൾ വിചാരിക്കാത്ത പോയിന്റിലാണ് അദ്ദേഹം ദേഷ്യപ്പെടുക. ബിഗ് ബോസ് ഹോസ്റ്റ് ചെയ്ത് വന്നിട്ടാണ് ലാൽ സാർ ബറോസ് ഷൂട്ടിന് വന്നിരുന്നത്. സാർ വർക്കിനിടയിൽ കസേരയിലിരുന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇരുപത് മിനിറ്റൊക്കയെ ഉറങ്ങു. പണവും പ്രശസ്തിയും എല്ലാമുള്ളയാളാണ്.
ഇത്രയേറെ കഷ്ടപ്പെടേണ്ട ആവശ്യം ലാൽ സാറിനില്ല. പക്ഷെ അദ്ദേഹം കഷ്ടപ്പെടും. കാരണം സാറിനിത് പാഷനാണ് എന്നാണ് അനീഷ് ഉപാസന പറഞ്ഞ് അവസാനിപ്പിച്ചത്.
content highlight: mohanlal barroz