Celebrities

‘ഒരു വിഷയം വന്നപ്പോള്‍ ഒരുപാട് പേര്‍ നിശബ്ദരായി, സത്യം എനിക്കും ഈശ്വരനും അറിയാം, അതിന്റെ പേരിലാണ് എന്റെ ഈ യുദ്ധം’: ദിലീപ്

ഇന്ത്യയില്‍ ഒരു നടനും അടുത്തകാലത്ത് ഇങ്ങനെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. എന്നാല്‍ അദ്ദേഹം തന്റെ കരിയറിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന് എതിരെ ഒരു ആരോപണം ഉയര്‍ന്നുവന്നത്. മലയാള സിനിമയിലെ ഒരു കോളിളക്കം തന്നെയായിരുന്നു ആ സംഭവം. ഇപ്പോള്‍ ഇതാ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

‘എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ ഒരു നടനും അടുത്തകാലത്ത് ഇങ്ങനെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല. നമ്മളില്‍ ഒരു സത്യമുണ്ട് അതിന്റെ ഫൈറ്റ് ആണ്. ഇപ്പോള്‍ അതിനെക്കുറിച്ച് നമുക്ക് ഒന്നും സംസാരിക്കാനോ ഒന്നും പറ്റാത്ത ഒരു അവസ്ഥയിലാണ്. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാറില്ല. പിന്നെ ചില സമയത്ത് നമ്മള്‍ അറിയാതെ ഒക്കെ വന്നു പോകും. ഞാന്‍ അപ്പോള്‍ തന്നെ അത് ഡൈവേര്‍ട്ട് ചെയ്തു വിടും. കാരണം എന്തിനാണ് അതൊക്കെ നമ്മള്‍, എങ്ങനെയെങ്കിലും കരയണേ എന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അത് ദിവസവും അതിന്റെ പ്രൊസീഡിങ്‌സില്‍ പോയിക്കൊണ്ടിരിക്കുകയാണ്. സിനിമയാണ് എന്റെ ലോകം. ഞാന്‍ ഒരു രാത്രി കൊണ്ട് കലാകാരനായ ആളാണ്.’

‘ഒരുപക്ഷേ അത് ഞങ്ങളുടെ കുടുംബം രക്ഷപ്പെടാനുള്ള അമ്മയുടെ കരച്ചില്‍ കൊണ്ടായിരിക്കാം. എനിക്കിപ്പോഴും ഞാന്‍ ഒരു കലാകാരനാണ് എന്നുള്ളത് വളരെ അത്ഭുതമായി തോന്നാറുണ്ട്. ദൈവത്തിന്റെ ഒരു സമ്മാനമാണ്. ഞാന്‍ അതുകൊണ്ടാണ് അതിനെ ഒരു നിധി പോലെ കാണുന്നത്. ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത ഒരു ലോകത്തിലേക്കാണ് എനിക്ക് ശരിക്കും ഒരു വാതില്‍ ജയറാമേട്ടന്‍ തുറന്നു തന്നത്. ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്, ജയറാമേട്ടന്‍ സിനിമയില്‍ വന്നത് എനിക്ക് വേണ്ടിയിട്ടാണോ എന്ന്, അങ്ങനെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മള്‍ അങ്ങനെ ഒരു ലോകത്ത് വന്നിട്ട് നമ്മള്‍ നമ്മള്‍ക്ക് വിചാരിക്കാത്ത രീതിയില്‍ ദൈവം തന്ന കുറേ ഭാഗ്യങ്ങളുണ്ട്.’

‘നമ്മള്‍ അതൊക്കെ പൊന്നുപോലെയാണ് കാണുന്നത്. നമ്മളുടെ സിനിമ ദൂരെനിന്ന് കാണുന്ന സീനിയേഴ്‌സ്, പിന്നീട് അവര്‍ ആ സിനിമ കാണുന്നു. നമുക്ക് ഒരു വിഷയം വന്നപ്പോള്‍ ഒരുപാട് പേര്‍ നിശബ്ദരായി. ഒരുപാട് പേര്‍ മാറിനിന്നു. ഇതൊക്കെ നമ്മള്‍ കാണുന്നുണ്ട്. പക്ഷേ അത് വലിയൊരു തിരിച്ചറിവാണ്. എല്ലാം എന്റെ ആള്‍ക്കാരാണ് എന്ന് പറഞ്ഞു പോകുമ്പോള്‍ ഒരു വിഷയം വരുമ്പോഴാണ് നമ്മള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. അത് ജീവിതത്തിലെ വലിയ ഒരു അനുഭവം ആണ്. ഞാന്‍ പലതരത്തിലുള്ള അനുഭവത്തില്‍ കൂടി പോയിട്ടുണ്ട്. ടൊന്റി ടൊന്റി ചെയ്യുമ്പോള്‍ ഞാന്‍ വിചാരിച്ചത് അതായിരുന്നു ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് എന്ന്. പക്ഷേ അതല്ല അതിനേക്കാള്‍ വലുതുണ്ട്. ഞാന്‍ എല്ലാവരോടും എപ്പോഴും ഒരേ രീതിയില്‍ തന്നെയാണ് നില്‍ക്കുന്നത്. ആ ഒരു സ്‌നേഹവും ബഹുമാനവും ഒന്നും എനിക്ക് ആരോടും പോകില്ല.’

‘നമ്മള്‍ മനുഷ്യരാണ്. മനുഷ്യരാകുമ്പോള്‍ ചില ആളുകള്‍ അവരവരുടെ കാര്യങ്ങള്‍ അപ്പോള്‍ നോക്കുന്നു എന്നുള്ളത് തന്നെയാണ്. എല്ലാവരും ഒരേ പോലെ ആകണമെന്നില്ല. അതില്‍ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. അത് സാഹചര്യമാണ്. സ്വാഭാവികമാണ്. അവര്‍ അവരുടെ കുടുംബവും കാര്യങ്ങളും ഒക്കെ ആയിട്ട് പോകും. ഞാന്‍ നോര്‍മല്‍ ആയിരിക്കുന്നത് എന്നില്‍ ഒരു സത്യം ഉള്ളതുകൊണ്ടാണ്. എന്താണ് സത്യം എന്നുള്ളത് എനിക്കും ഈശ്വരനും അറിയാം. നമുക്ക് മനസാക്ഷി എന്നു പറഞ്ഞ ഒരു സാധനം ഉണ്ട്. അതിനെ ബോധ്യപ്പെടുത്തുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അതിന്റെ പേരിലാണ് എന്റെ ഈ യുദ്ധം.’ ദിലീപ് പറഞ്ഞു.