മഞ്ചേരി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയും ആതിഥേയരായ മലപ്പുറം എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ കന്നി സൂപ്പര്‍ ലീഗ് കേരളയിലെ ആവേശകരമായ ക്ലൈമാക്സിന് കളമൊരുങ്ങുകയാണ്. സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കാന്‍ കൊമ്പന്‍സിന് സമനില മാത്രം മതി, മലപ്പുറം മുന്നേറണമെങ്കില്‍ ജയം ഉറപ്പിക്കണം. തിരുവനന്തപുരത്ത് അവരുടെ ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചു, പോയിന്റിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ടീമുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസമില്ല. ഒരു അധിക വിജയവും ഒരു അധിക ഗോളും നേടി കൊമ്പന്‍സ് നേരിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
ബ്രസീലിയന്‍ കോച്ച് സെര്‍ജിയോ അലക്സാന്ദ്രെ നിയന്ത്രിക്കുന്ന കൊമ്പന്‍സ് ഈ അധിക നേട്ടവുമായാണ് കളത്തിലിറങ്ങുന്നത്. സൂപ്പര്‍ ലീഗ് കേരളയിലെ ഏറ്റവും കൂടുതല്‍ ആരാധകരുടെ പിന്തുണയുള്ള മലപ്പുറം എഫ്സി, ഫോര്‍സ കൊച്ചി എഫ്സിക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തോടെയാണ് സീസണ്‍ ആരംഭിച്ചത്. എന്നിരുന്നാലും, അവര്‍ കാലിക്കറ്റ് എഫ്സിയോടും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയോടും തോല്‍വിയും മൂന്ന് സമനിലകളും ഏറ്റുവാങ്ങി.
ഫോര്‍സ കൊച്ചി എഫ്സിക്കെതിരായ ഒരു ഉപേക്ഷിക്കപ്പെട്ട മത്സരവും ഇതില്‍ ഉള്‍പെടുന്നു.
ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ എഫ്സിയെ 3-0ന് തോല്‍പ്പിച്ച് അവരുടെ രണ്ടാം ജയം അടുത്തയിടെ നേടി, ഈ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടതാണ്. മലപ്പുറത്തിന്റെ ഡിഫന്‍സിന്റെ പ്രധാന കേന്ദ്രം അനസ് തന്നെയായിരിക്കും. 2018ലെ ഐഎസ്എഎല്ലില്‍ ചെന്നൈയെ നയിച്ച ജോണ്‍ ഗ്രിഗറി നിയന്ത്രിക്കുന്ന മലപ്പുറംഎഫ്സിക്ക്, നന്ദു കൃഷ്ണ, അജയ് കൃഷ്ണന്‍ തുടങ്ങിയ മികച്ച പ്രതിഭകള്‍ക്കൊപ്പം സ്‌പെയിന്‍കാരന്‍ അലക്‌സ് സാഞ്ചസ്, ജോസെബ ബെയ്റ്റിയ, പെഡ്രോ മാന്‍സി, എയ്റ്റര്‍ ആല്‍ഡ, ഗോള്‍കീപ്പര്‍ മുഹമ്മദ് സിനാന്‍ എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു നിരയുണ്ട്.
അതേസമയം,തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി സെര്‍ജിയോയുടെ നേതൃത്വത്തില്‍ അനുഭവ സമ്പത്തുനിറഞ്ഞ പോരാട്ട വീര്യമാണ് പുറത്തെടുക്കുന്നത്. അവരുടെ മൂന്ന് വിജയങ്ങളില്‍, ടേബിള്‍ ടോപ്പര്‍മാരായ കണ്ണൂരിനെതിരെ നേടിയ മനോവീര്യം ഉയര്‍ത്തുന്ന വിജയവും ഉള്‍പ്പെടുന്നു. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോഴും കേരളത്തിലുടനീളമുള്ള ആരാധകരെ ആവേശഭരിതമായ പ്രകടനത്തിലൂടെ സ്വന്തമാക്കി, നിര്‍ഭയമായ കളി പുറത്തെടുക്കാന്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിക്ക് കഴിയുന്നുണ്ട്. ‘ഞങ്ങള്‍ നിര്‍ഭയമായ ഫുട്‌ബോള്‍ കളിക്കുന്നു, കാര്യങ്ങള്‍ കഠിനമാകുമ്പോള്‍ പോലും, ഞങ്ങളുടെ പ്രതിരോധം തെളിയിച്ചു. അതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം,’ കോട്ടപ്പടി സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം ബ്രസീലിയന്‍ കോച്ച് സെര്‍ജിയോ പറഞ്ഞു.ആറ് ടീമുകളുള്ള ഈ ലീഗില്‍ ടീമുകളുടെ അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമായിരിക്കും വിജയിയെ നിര്‍ണ്ണയിക്കുക.
CONTENT HIGHLIGHTS;Super League Kerala Clash: Kombans vs Malappuram FC in the decider