Celebrities

‘ആ മൂന്ന് സിനിമകളില്‍ ഞാന്‍ പൂര്‍ണ തൃപ്തനല്ല, കാസ്റ്റിംഗ് പാളിപ്പോയിട്ടുണ്ട്, ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’: രാജസേനന്‍

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനന്‍. രാജസേനന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഇതാ ചില സിനിമകളില്‍ അതൃപ്തി ഉണ്ടെന്ന് പറയുകയാണ് രാജസേനന്‍.

‘ചെയ്യണ്ടായിരുന്നു എന്ന് തോന്നിയ സിനിമകള്‍ ഉണ്ട്. പക്ഷെ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ പ്രശ്‌നമൊന്നുമല്ല. കാസ്റ്റിംഗ് പാളിപ്പോയ സിനിമയായിരുന്നു അത്. റേഡിയോ ജോക്കി എന്ന സിനിമയാണ് അതില്‍ ഒന്നാമത്തേത്. മറ്റൊരു സിനിമയാണ് 72 മോഡല്‍. നല്ല സബ്ജക്ട് ആയിരുന്നു അതൊക്കെ. ഒന്നാന്തരം സബ്ജക്ട് ആയിരുന്നു. ഈ ന്യൂജന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്ക സമയത്ത് വന്നതാണ് 72 മോഡല്‍. സൗഹൃദവും കൂട്ടായ്മയും ഒക്കെ വെച്ചിട്ട്. പക്ഷെ അതിലും കാസ്റ്റിംഗ് പാളി പോയി. ശരിയായില്ല. അത് രണ്ടും കാസ്റ്റിങ്ങില്‍ ആണ് പോയത്. കാസ്റ്റിങ്ങില്‍ പോയതില്‍ പ്രൊഡ്യൂസറെ കുറ്റപ്പെടുത്താന്‍ പറ്റത്തില്ല. അതിന്റെ ഉത്തരവാദിത്വം ഞാന്‍ തന്നെയാണ് ഏറ്റെടുക്കുന്നത്. അത് ഞാന്‍ മുന്‍പ് പറഞ്ഞിട്ടും ഉണ്ട്.’

‘സ്‌മോള്‍ ഫാമിലി സിനിമ ചെയ്ത കാര്യത്തിലും ഞാന്‍ പൂര്‍ണ തൃപ്തന്‍ അല്ല. 90% ആളുകളും കള്ളുകുടിക്കുന്ന കേരളത്തില്‍ കള്ളിന് എതിരായിട്ട് ഒരു സിനിമ എടുക്കരുത്. ഞാന്‍ ആദ്യം ചെയ്ത തെറ്റ് അതാണ്. രണ്ടാമത് ചെയ്ത തെറ്റ്, സിനിമയുടെ ഇന്റര്‍വെല്ലിന് ശേഷം എന്റെ കഥാപാത്രത്തെ സ്‌ക്രിപ്റ്റില്‍ ഞാന്‍ തന്നെ ഒന്ന് ചവിട്ടി മാറ്റി വച്ചിട്ട് വേറെ ഒരു ട്രാക്ക് ബൂസ്റ്റ് ചെയ്തിരുന്നു. അത് ഞാന്‍ എന്ന് പറയുന്ന നടനില്‍ എനിക്ക് അന്നുണ്ടായിരുന്ന ഒരു വിശ്വാസക്കുറവാണോ അതോ നിര്‍മാതാവിന്റെ സൈഡില്‍ നിന്നുള്ള ചെറിയൊരു ഇടപെടല്‍ ആണോ എന്നൊരു സംശയം ഉണ്ട്. രണ്ടും കൂടിയായപ്പോള്‍ എന്റെ കഥാപാത്രത്തെ ഒന്ന് ചവിട്ടി വച്ചിട്ട് വേറൊരു ട്രാക്ക് ഞാന്‍ ബൂസ്റ്റ് ചെയ്തു.’

‘അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എന്റെ കഥാപാത്രം തന്നെ വന്നിരുന്നു എങ്കില്‍ ആ സിനിമ അസാമാന്യ ഹ്യൂമര്‍ ഉള്ള ഒരു സിനിമ ആയിരുന്നു. അതായിരുന്നു ഒറിജിനല്‍ കഥ. അങ്ങനൊക്കെ ചെയ്താലും അതിന്റെ പാളിച്ച ഏറ്റെടുക്കേണ്ടത് ഞാന്‍ തന്നെയാണ്. ഒരു സിനിമ പൊട്ടുമ്പോള്‍ അല്ലെങ്കില്‍ ഒരു സിനിമ മോശമാകുമ്പോള്‍ ഒരാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിജയിക്കുമ്പോള്‍ നമ്മളല്ലേ ക്രഡിറ്റ് എടുക്കുന്നത്. അപ്പോള്‍ പരാജയപ്പെടുമ്പോള്‍ നമ്മള്‍ ആത്മ പരിശോധന നടത്തിയതിനുശേഷം അത് സമ്മതിക്കണം.’

‘ടെക്‌നിക്കലിയും മേക്കിങ് കാര്യത്തിലും സ്റ്റോറിയുടെ കാര്യത്തിലും എല്ലാം ഒരു 70 ശതമാനം എനിക്കിഷ്ടപ്പെട്ട സിനിമ ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആണ്. മേലെ പറമ്പില്‍ ആണ്‍വീട് എന്ന സിനിമ ഞാന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് ശരിയായി വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മേലേപറമ്പില്‍ ആണ്‍വീട് ഞാന്‍ എടുത്ത സമയത്ത് അത് കഴിഞ്ഞ് ഒരു അഞ്ചുവര്‍ഷം കഴിഞ്ഞിട്ടാണ് ആ സിനിമ എടുത്തിരുന്നത് എങ്കില്‍ ടെക്‌നിക്കലി അതിനേക്കാള്‍ മനോഹരമായേനെ ആ സിനിമ. ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ചില സിനിമകളോട് ചില പ്രശ്‌നങ്ങള്‍ ഉള്ളിലുണ്ടാകും. മേലേപറമ്പില്‍ ആണ്‍വീട് എനിക്ക് കുറച്ചുകൂടി വേണമെങ്കില്‍ സംവിധായകന്‍ എന്ന തരത്തില്‍ നന്നാക്കാമായിരുന്ന രണ്ടോ മൂന്നോ സ്വീക്സ് ഉണ്ട്.’

‘നേരെമറിച്ച് ഡാര്‍ലിംഗ് ഡാര്‍ലിംഗില്‍ അത് ഇല്ല. അതിന്റെ സ്റ്റോറി ഷോട്ട്, ടെക്‌നിക്കല്‍ വൈസ് എല്ലാം സൂപ്പര്‍ ആണ് ആ സിനിമ. അതുപോലെയാണ് മേഘസന്ദേശം. ധാരാളം ഹൊറര്‍ ഫിലിം ഒക്കെ കേരളത്തില്‍ വന്നിട്ടുണ്ടെങ്കിലും ഒരു സയന്റിഫിക്കല്‍ ഹൊറര്‍ മൂവി മേഘസന്ദേശം ആണ്.’ രാജസേനന്‍ പറഞ്ഞു.