മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് സിദ്ദിഖ്. താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനൊപ്പം ധാരാളം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോളിതാ പ്രിയദര്‍ശനെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.
‘പ്രിയന്‍ സാറുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഇടയ്ക്ക് ഞങ്ങള്‍ വിളിക്കാറുണ്ട്. ഒരു ദിവസം രാവിലെ എന്നെ പ്രിയന്‍ സാര്‍ വിളിച്ചു. എവിടെയുണ്ട് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു വീട്ടിലിരിക്കുകയാണ് എന്ന്. അപ്പോള്‍ എന്നോട് പറഞ്ഞു, എങ്കില്‍ ലൊക്കേഷനിലേക്ക് ചെല്ലാന്‍. അങ്ങനെ ഞാന്‍ ചെന്നു. അപ്പോള്‍ എന്നോട് പറഞ്ഞു പെട്ടെന്ന് മേക്കപ്പ് ഇട്ട് കോസ്റ്റ്യൂം ഇട്ടിട്ട് വരാന്‍. ഞാന്‍ റെഡിയായി കഴിഞ്ഞ് വന്നപ്പോഴാണ് അദ്ദേഹം സീന്‍ എടുത്തു തന്നത്. ലാലിന്റെ ഒരു സുഹൃത്തിനെ പറ്റി പറയുന്നുണ്ട് ആ സിനിമയില്‍ പറയുന്നുണ്ട്, ആ സുഹൃത്താണ് നീ എന്ന് എന്നോട് പറഞ്ഞു. അങ്ങനെ ആ സീന്‍ എടുത്തു.’
‘അങ്ങനെ ഒപ്പം റിലീസ് ആയിക്കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു, നമുക്ക് അടുത്ത പടത്തില്‍ നല്ല റോള്‍ ചെയ്യണം കേട്ടോ എന്ന്. അതുകഴിഞ്ഞ് കുഞ്ഞാലിമരക്കാറില്‍ ഞാന്‍ വളരെ നല്ല വേഷമാണ് ചെയ്തത്. ലാലിന്റെ കൂടെയുള്ള ഒരു മുഴുനീള കഥാപാത്രം ആയിരുന്നു അത്. അത് കഴിഞ്ഞിട്ട് എന്നെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ഒരു പടം ചെയ്യാന്‍ പോവുകയാണ്. താനാണ് അതിന്റെ കേന്ദ്രകഥാപാത്രമെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു തമാശ പറയുകയാണോ എന്ന്. അപ്പോള്‍ പറഞ്ഞു അല്ലടോ നാളെ അങ്ങോട്ട് ചെല്ലാന്‍. അങ്ങനെ ഞാന്‍ ചെന്നു അപ്പോഴാണ് എന്നോട് കഥയുടെ കാര്യങ്ങളൊക്കെ പറയുന്നത്. പിന്നെ ഒരുപാടൊന്നും ഡീറ്റെയില്‍സ് പറഞ്ഞു തന്നിട്ടില്ല.’
‘ഇപ്പോഴും അത്രയും അടുപ്പവും സ്വാതന്ത്ര്യവുമുള്ള ആളാണ്. ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ നമ്മള്‍ അങ്ങോട്ട് ചെല്ലും. അത്രയേ ഉള്ളൂ. പിന്നെ ഈ 30 കൊല്ലം എനിക്ക് വേഷങ്ങള്‍ തരാതിരുന്നതിനെപ്പറ്റിയും ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ പുള്ളി പറഞ്ഞ വാക്ക് ഇതാണ്, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന്. എനിക്ക് പ്രിയനെപ്പോലെ തന്നെ അടുപ്പമുള്ള സംവിധായകരാണ് രഞ്ജിത്ത്, ബി ഉണ്ണികൃഷ്ണന്‍, വിജി തമ്പി, സത്യന്‍ അന്തിക്കാട് ഒക്കെ. അവര്‍ക്കൊക്കെ നമ്മളോട് അടുപ്പവും സ്നേഹവും വിശ്വാസവും ഉള്ള ആളുകളാണ്.’ സിദ്ദിഖ് പറഞ്ഞു.