ജോജു ജോര്‍ജ് നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് പണി. കഴിഞ്ഞ ദിവസമാണ് പണി തീയേറ്ററുകളിലേക്ക് എത്തുന്നത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് ജോജു ജോര്‍ജ്. തന്റെ സിനിമയെ വിമര്‍ശിച്ച യുവാവിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജുവിന്റെ ഓഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ഓഡിയോ വൈറലായി മാറിയതോടെ ഇപ്പോഴിതാ ജോജു വിശദീകരണവുമായി എത്തിയിരിക്കുന്നത്. തന്റെ സിനിമയെപ്പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിനാലാണ് പ്രതികരിച്ചതെന്നുമാണ് ജോജു പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.
”എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല” എന്നാണ് ജോജു പറയുന്നത്.
അതേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാന്‍ ഇയാളെ വിളിച്ചത്. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചതെന്നാണ് ജോജു പറയുന്നത്. നിയമപരമായി ഇക്കാര്യത്തില്‍ ഞാന്‍ മുന്നോട്ടുപോകുമെന്നും താരം പറയുന്നുണ്ട്. എന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്‌നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത് എന്നും ജോജു വിശദീകരിക്കുന്നുണ്ട്.
അതേസമയം ജോജുവിന്റെ ഫോണ്‍ കോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ജോജു ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് റിവ്യു എഴുതിയ യുവാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
”ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുന്‍പ് വിളിച്ചു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്” എന്നാണ് യുവാവ് പറയുന്നത്.
”ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്. ” എന്ന കുറിപ്പോടെയാണ് ആദര്‍ശ് എച്ച്എസ് എന്ന യുവാവ് ജോജുവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തോടെ ജോജുവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വിമർശനം ഉള്‍ക്കൊള്ളാന്‍ ജോജുവിന് സാധിച്ചില്ലെന്ന് ചിലർ പറയുമ്പോള്‍ മറ്റു ചിലർ പറയുന്നത് യുവാവിന്റെ റിവ്യു സ്പോയില ആണെന്നാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ സംഭവം ചർച്ചയായി മാറിയിരിക്കുകയാണ്.
content highlight: joju-george-gives-clarifitcation