സമീപകാലത്ത് സ്ട്രീമിംഗ് ആരംഭിച്ച് ഏറെ ശ്രദ്ധനേടിയ വെബ്സീരിസ് ആണ് 1000 ബേബീസ്. ‘ഇതിപ്പോൾ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നീന ഗുപ്തയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തിയ സീരിസിൽ ഏവരും ശ്രദ്ധിച്ചൊരു കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. പാലക്കാടൻ ശൈലിയിലുള്ള സംസാരവുമായി ആ കഥാപാത്രത്തെ മനോഹരമാക്കിയത് നടൻ മനു ലാൽ ആണ്.
ടൂര്‍ണമെന്റ്, ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശ്രദ്ധ നേടിയ നടനാണ് മനു ലാൽ. എന്നാല്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നിര്‍മ്മാതാവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് മനു ലാല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ചാൻസ് ചോദിച്ച് പോയപ്പോഴുള്ള മോശം അനുഭവത്തെ കുറിച്ചാണ് മനു പറയുന്നത്.
സ്വന്തം പരിശ്രമം കൊണ്ടാണ് ഇവിടം വരെ എത്തിയത്. അവസരത്തിനായി ഒരുപാട് സംവിധായകന്‍മാരുടെ അടുത്ത് ചെന്നിട്ടുണ്ട്. അവരെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഉളള പോലെ കൊവിഡ് സമയം എനിക്കും പ്രയാസം നിറഞ്ഞതായിരുന്നു. എന്റെ ജോലി സിനിമ ആയതുകൊണ്ട് ഞാന്‍ അപ്പോള്‍ ഒരുപാട് സഹിച്ചു. അവസരത്തിനായി മലയാളത്തിലെ പ്രമുഖനായ ഒരു നിര്‍മ്മാതാവിനെ ഇടയ്ക്ക് വിളിച്ചിരുന്നു.
‘ഒരുപാട് സംവിധായകരുടെ അടുത്ത് ഞാൻ പോയിട്ടുണ്ട്. അവരുടെ ചീത്ത വിളികൾ കേട്ട്, കാത്തുനിന്നിട്ടുണ്ട്. ഒരുസംഭവം പറയാം. കഴിഞ്ഞ കൊവിഡ് കാലം. നമ്മളെല്ലാവരും ലോക്കായിരിക്കയാണ്. വേറൊരു ജോലിക്കും പോകാത്തൊരാളാണ് ഞാൻ. സിനിമ തന്നെയാണ് എന്റെ വരുമാനം. ഞാൻ ഇങ്ങനെ പെട്ട് നിൽക്കുന്നതിനിടെ, മലയാളത്തിലെ വലിയൊരു നിർമാതാവ് എന്നെ വിളിച്ചു. മുൻപ് പലതവണ അദ്ദേഹത്തെ ഞാൻ വിളിച്ചിട്ടുണ്ട്. പക്ഷേ ഫോൺ എടുത്തിട്ടില്ല. നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നൊരാളൊന്നും അല്ല ഞാൻ.
ഒരു ദിവസം രാത്രിയാണ് ഇദ്ദേഹം എന്നെ വിളിക്കുന്നത്. ഞാൻ ഞെട്ടിപ്പോയി. ഞങ്ങൾ സംസാരിച്ചു. കൊവിഡ് ആണ്. ഇനി ഈ ലോകം തുറക്കില്ല. സിനിമ നിന്നു. ഇനി സീരിയലെ ഉണ്ടാവൂ. ഞാനൊരു സീരിയൽ ചെയ്യുന്നുണ്ട്. മനുവിന് അതിൽ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നെ തെരഞ്ഞ് പിടിച്ചെന്നെ വിളിക്കുകായിരുന്നു. സീരിയൽ ഒരു മോശം പ്ലാറ്റ് ഫോം ആണെന്ന് ഞാൻ പറയുന്നില്ല. എന്നാലും എല്ലാവർക്കും ഓരു ലക്ഷ്യം ഉണ്ടാകില്ലെ. അതിനാല്‍ ഞാന്‍ സിനിമയാണ് താല്‍പര്യം, എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു’, എന്ന് മനു ലാൽ പറയുന്നു.
‘കൊവിഡ് മാറി. കാലം പഴയതുപോലെയായി. ഇപ്പോഴും അദ്ദേഹം എന്റെ ഫോണ്‍ എടുക്കാറില്ല. പിന്നെ ഞാന്‍ എങ്ങനെ മെയിന്‍ സ്ട്രീമിൽ വരും? എങ്ങനെയാണ് ഞാന്‍ കാസ്റ്റ് ചെയ്യപ്പെടുക? സിനിമ ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞിടത്തു നിന്നും ഞാൻ ഇന്ന് പാന്‍ ഇന്ത്യന്‍ സീരീസിലാണ് എത്തി നില്‍ക്കുന്നത്. ദൈവത്തോടും നജീബിനോടും എഴുത്തുകാരനോടും നന്ദി പറയുകയാണ്. എനിക്ക് നല്ല വിശ്വാസമുണ്ട്. നല്ല വേഷം കിട്ടും.
ഇതിന് മുൻപ് ‘നിന്നോടല്ലേടാ പട്ടി എന്നെ വിളിക്കരുതെ’ന്ന് പറഞ്ഞ് ഒരു സംവിധായകൻ എന്നോട് ചൂടായി. എന്റെ കോള്‍ അയാള്‍ കട്ട് ചെയ്തിട്ട് നമ്പര്‍ ബ്ലോക്ക് ചെയ്തു. അദ്ദേഹം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. അദ്ദേഹത്തോട് ഞാൻ വളരെ മാന്യമായിട്ടാണ് വിളിച്ച് സംസാരിച്ചത്. കനിവൊക്കെ ആളുകൾക്ക് ആകാം. എന്നെ പോലെ ഒരുപാട് പേരുണ്ട്. ആ ലക്ഷക്കണക്കിന് പേരിൽ ഒരാളാണ് ഞാൻ. ചെറിയ കരുണ കാണിച്ചെന്ന് പറഞ്ഞിട്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇതൊക്കെ ഞാൻ മലയാള സിനിമയിൽ അനുഭവിച്ച് കൊണ്ടിരിക്കയാണ്’, എന്നും മനു കൂട്ടിച്ചേർത്തു.
‘അമ്മയാണ് എനിക്ക് വലുത്. എന്റെ വേദനകളൊന്നും അമ്മയോട് പറയാറില്ല. എന്റെ കരച്ചിലും വേദനയും എല്ലാം റൂമിനകത്ത് തന്നെയാണ്. എന്റെ സിനിമകളെ, വന്ന വഴികളെ ഓർത്തും സ്വയം വേദനിക്കുന്നൊരാളാണ് ഞാൻ. ആ വേദന ഒരു ശക്തിയാണ്. ചാൻസ് ചോദിക്കാനും പട്ടി എന്ന വിളി കേൾക്കാനും ഒക്കെ. അതൊരു രസമുള്ള വേദനയാണ്’, എന്നും മനു പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.