2013 ൽ 72ാം വയസിലാണ് സുകുമാരി മരിക്കുന്നത്. പൂജമുറിയിൽ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. സിനിമാ ലോകത്തെ നിരവധി പേർ സുകുമാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സുരേഷ് ഭീം സിംഗ് എന്നാണ് സുകുമാരിയുടെ മകന്റെ പേര്. അന്തരിച്ച സംവിധായകൻ ഭീം സിംഗാണ് ഭർത്താവ്. കലാരംഗത്തെ സംഭാവനകൾക്ക് പദ്മശ്രീ പുരസ്കാരം നൽകി രാജ്യം സുകുമാരിയെ ആദരിച്ചിട്ടുണ്ട്. നമ്മ ഗ്രാമം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം സുകുമാരി നേടിയിട്ടുണ്ട്.
ഷൂട്ടിംഗ് സെറ്റുകളിൽ ഏവരോടും സ്നേഹത്തോടെ പെരുമാറിയ സുകുമാരിയെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. നടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ഒരു മറവത്തൂർ കനവ്, മീശമാധവൻ, ചാന്ത്പൊട്ട് തുടങ്ങി ലാൽ ജോസിന്റെ നിരവധി സിനിമകളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. തനിക്ക് അമ്മയെ പോലെയായിരുന്നു സുകുമാരിയെന്ന് ലാൽ ജോസ് പറയുന്നു. അമ്മയുടെ വാത്സല്യം എനിക്ക് തന്നിട്ടുണ്ട്. തന്റെ സിനിമകൾ തുടങ്ങുമ്പോൾ സുകുമാരി ചേച്ചിയായിരുന്നു പൂജയ്ക്ക് കർപ്പൂരം കത്തിച്ചിരുന്നതെന്നും സംവിധായകൻ ഓർത്തു.
ഇടക്കാലത്ത് ഒന്ന് രണ്ട് സിനിമകളിൽ സുകുമാരി ചേച്ചി ഉണ്ടായില്ല. അതിന് കാരണം അവർക്ക് ഹാർട്ടിന് പ്രശ്നം വന്നു. ബൈപ്പാസ് സർജറി വേണ്ടി വന്നു. ആ സമയത്ത് ഞാൻ സിനിമകളിലേക്ക് വിളിച്ചില്ല. ഷൂട്ടിംഗിന്റെ തിരക്കിലായത് കൊണ്ട് എനിക്ക് പോയി കാണാനും പറ്റിയില്ല. പിന്നീട് ക്ലാസ്മേറ്റ്സിൽ അഭിനയിക്കാൻ സുകുമാരി ചേച്ചിയെ വിളിച്ചു. അവർ വന്നു.
സെറ്റിൽ അവർ എത്തിയപ്പോൾ ഞാൻ കാണാൻ പോയി. എന്നെ കണ്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞു. മരണത്തെ മുന്നിൽ കണ്ട സമയത്ത് ഞാൻ കാണാൻ പോയില്ല എന്നതാണ് ആ സങ്കടത്തിന്റെ കാരണമെന്ന് എനിക്ക് മനസിലായി. താൻ കുറ്റബോധത്തോടെ കാര്യങ്ങൾ വിശദീകരിച്ചെന്നും സംവിധായകൻ ഓർത്തു.
അവസാന കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ വന്നപ്പോൾ പോലും സുകുമാരി കരിയറിനോട് പ്രതിബന്ധത കാണിച്ചെന്നും ലാൽ ജോസ് പറയുന്നു.
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ സുകുമാരി ചേച്ചി അഭിനയിക്കാൻ വന്നത് കാലിലെ ഫ്രാക്ചറുമായാണ്. ഞാനിത് അറിഞ്ഞില്ല.
അവർക്ക് ആ സമയത്ത് സാമ്പത്തികമായി പ്രശ്നങ്ങളുണ്ടായിരുന്നു. കാലിന്റെ പ്രശ്നം ഞാനറിഞ്ഞാൽ സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയാണ് അവർ എന്നോട് പറയരുതെന്ന് എല്ലാവരോടും ചട്ടം കെട്ടിയത്. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് സുകുമാരി ഡയമണ്ട് നെക്ലേസിൽ അഭിനയിച്ചതെന്നും ലാൽ ജോസ് ഓർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
content highlight: lal-jose-recalls-his-bond-with-late-actress-sukumari