Celebrities

‘മറ്റുള്ളവരെ വിധിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക; എല്ലാവരും അവരവരായി ജീവിക്കട്ടെ’; സാമന്ത പറഞ്ഞത്…| samantha

അവസാനത്തെ കുറച്ചു സിനിമകളിലെ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുന്നു

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികയായുള്ള വളര്‍ച്ചയ്ക്കിടയിലും അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ കരിയറിലും ജീവിതത്തിലും നേരിടേണ്ടിവന്ന താരമാണ് സാമന്ത. എന്നാല്‍ രോഗത്തിനും പരാജയങ്ങള്‍ക്ക് മുന്നിലും തളരാതെ കരുത്തോടെ മുന്നേറണമെന്നാണ് തന്റെ ജീവിതം കൊണ്ട് സാമന്ത പഠിപ്പിക്കുന്നത്. ഇപ്പോഴിതാ കരിയറിനെക്കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് സാമന്ത. സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിടയില്‍ തന്റെ ഫോളേവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് തന്റെ കരിയറിനെ കുറിച്ചും സാമന്ത മനസ്സുതുറന്നത്.

ഇതിനിടെ നടിയും ആരാധകരും തമ്മിലുള്ള സംവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആസ്‌ക് മി എനിതിങ് എന്ന സെക്ഷനിലൂടെ രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകരെത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാവേ തന്റെ മുന്‍കാല ജീവിതത്തിലുണ്ടായ തെറ്റുകളെ കുറിച്ചും അതു മറികടക്കാന്‍ താനെടുത്ത പ്രോമിസിനെ കുറിച്ചും ഒക്കെ സാമന്ത പറയുന്നു.

കഴിഞ്ഞ ദിവസമാണ് സാമന്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയത്. ‘ദയവായി മാഡം കുറച്ച് ഭാരം വര്‍ദ്ധിപ്പിക്കൂ, എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. എല്ലാത്തിനോടും ശക്തമായി തന്നെ സാമന്ത പ്രതികരിക്കുകയും ചെയ്തു.

‘ഇത് ശരിക്കും ഭാരം കൂടിയ മറ്റൊരു അഭിപ്രായമായി പോയി. എന്റെ ഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലയിടത്തും പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളൊക്കെ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ഞാനിപ്പോള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡയറ്റിലാണ്. അത് കഠിനമായൊരു ഡയറ്റ് രീതിയാണ്. ഇത് മുന്നോട്ട് തുടരണമെങ്കില്‍ നിശ്ചതമായൊരു ഭാരം നിലനിര്‍ത്തണം. എന്റെ അവസ്ഥയില്‍ (മയോസിറ്റിസ്) അത് അത്യാവശ്യമാണ്. മറ്റുള്ളവരെ വിധിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. എല്ലാവരും അവരവരായി ജീവിക്കട്ടെ, ഇത് 2024 ആണ് സുഹൃത്തുക്കളേ…’ എന്നുമാണ് സാമന്ത പറയുന്നത്.

‘സിറ്റാഡല്‍ എന്ന കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും നിങ്ങളുടെ കഥാപാത്രം എങ്ങനെയായിരിക്കുമെന്നും ഞങ്ങളോട് പറയാമോ?’ എന്നായിരുന്നു ഒരു ആരാധകന്‍ സാമന്തയോട് ചോദിച്ചത്.

‘ആ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞതിന് റിലീസിന് മുമ്പ് തന്നെ ഞാന്‍ സ്വയം അഭിമാനിക്കുകയാണ്. എന്റെ കരിയറില്‍ ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ വിധികര്‍ത്താവാകാന്‍ നിങ്ങളോട് പറയുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു…’ ഇതിനൊപ്പം തനിക്ക് ചില പാളിച്ചകള്‍ പറ്റിയെന്നും നടി പറഞ്ഞിരുന്നു.

‘ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നത് ആവണമെന്നുണ്ട്. അങ്ങനെ ഓരോ വെല്ലുവിളികള്‍ കഴിഞ്ഞ് അടുത്തത് അതിനേക്കാള്‍ പ്രയാസമേറിയതാവണം. ഇത് ഞാന്‍ എന്നോട് തന്നെ പ്രൊമിസ് ചെയ്ത കാര്യമാണ്. മുന്‍കാലങ്ങളില്‍ എനിക്ക് ചില തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ അത് മനസിലാക്കുകയും തോല്‍വി സമ്മതിക്കുകയുമാണ്. അതിനൊപ്പം അവസാനത്തെ കുറച്ചു സിനിമകളിലെ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുന്നു.’ സാമന്ത പറയുന്നു.

content highlight: samantha open up