അമിതഭാരവും ശരീരത്തിലെ അനാവശ്യ കൊഴുപ്പും കുറയ്ക്കാൻ വളരെ നല്ലതാണ് സൂപ്പുകൾ. പ്രതിരോധശേഷി ഉയർത്താനും കാലാവസ്ഥാമാറ്റത്തെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കാനും സൂപ്പുകൾ കഴിക്കുന്നത് സഹായിക്കും. ഇതിൽ തന്നെ ഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുന്നതാണ് തക്കാളി സൂപ്പുകൾ. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. നാല് തക്കാളി, നാല് ടോബിൾ സ്പൂൺ കോൺഫ്ലവർ, ആവശ്യത്തിന് വെള്ളം എന്നിവയാണ് തക്കാളി സൂപ്പ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ. വേവിച്ചെടുത്ത തക്കാളി നന്നായി അരച്ചെടുത്ത് അരിച്ചുമാറ്റുക. അരിച്ചുമാറ്റിയ തക്കാളി വെള്ളം ചേർത്ത് അടുപ്പിൽ വെച്ച് കുറുക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ അൽപ്പം വെള്ളം ചേർത്ത് ഇളക്കിയെടുക്കുക. വെന്തുവന്ന തക്കാളിയിലേക്ക് രണ്ട് ടിസ്പൂൺ പഞ്ചസാര ഒരു ടിസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചശേഷം കോൺഫ്ലവർ മിശ്രിതം കൂടി ചേർത്ത് കയ്യെടുക്കാതെ ഇളക്കുക. തിളച്ചുവരുമ്പോൾ ഇറക്കിവെക്കുക. ആവശ്യമെങ്കിൽ മാത്രം ഒരു ടിസ്പൂൺ തക്കാളി സോസ് ചേർക്കുക. ഇവ ചെറുചൂടോടെ കഴിക്കു.
തക്കാളി സൂപ്പിൽ കലോറി കുറവാണ് എന്നതിനുപുറമെ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-സി, ലൈകോപ്പിൻ എന്നിവയും തക്കാളി സൂപ്പിലുണ്ട്. വെള്ളവും നാരുകളും കൊണ്ട് സമ്പന്നമായ സൂപ്പായതിനാൽ തന്നെ ഏറെ നേരം വിശപ്പ് അകറ്റും. വണ്ണം കുറയ്ക്കാൻ മാത്രമല്ല ഹൃദയാരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും തക്കാളി സൂപ്പിന് കഴിയും.