Celebrities

‘അസോസിയേഷന്റെ മറവിൽ നടക്കുന്നത് അസാന്മാർഗിക കാര്യങ്ങൾ; എല്ലാത്തിനും തെളിവുണ്ട്, എന്നെ യൂസ് ചെയ്തതാണെന്ന് പിന്നീട് അറിഞ്ഞു’: സാന്ദ്ര തോമസ് | sandra thomas

ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്ന് ദുരനുഭവമുണ്ടായതാണ് തന്നെ തളർത്തിയതെന്ന് പറയുകയാണിപ്പോൾ സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയ്‌‌‌ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം പൊലീസ് കേസുമെടുത്തു. സാന്ദ്രയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ സാന്ദ്രയ്ക്ക് കത്തും നല്‍കി.

ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്ന് ദുരനുഭവമുണ്ടായതാണ് തന്നെ തളർത്തിയതെന്ന് പറയുകയാണിപ്പോൾ സാന്ദ്രാ തോമസ്. തന്റെ പരാതി വ്യാജമല്ലെന്നും കൃത്യമായ തെളിവുകളുണ്ടെന്നും സാന്ദ്ര പറയുന്നു. എന്ത് പ്രത്യാഘാതമുണ്ടായാലും സഹിച്ചുവെന്ന രീതിയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.

എന്റെ പരാതി വ്യാജമല്ല. കൃത്യമായ തെളിവുകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി പോയത്. പരാതി ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ എഫ്ഐആർ‌ രജിസ്റ്റർ ചെയ്തത്. ഞങ്ങളെ പേടിച്ചിട്ടാണോ നീ ഹൈനെക്ക് ഡ്രെസ്സിട്ട് വന്നതെന്ന് ഒരു നിർമാതാവ് എന്നോട് ചോദിച്ചതാണ്. അത് പറയാനുണ്ടായ സാഹചര്യം ഇപ്പോൾ കേസിലിരിക്കുന്ന ദുരനുഭവത്തിന്റെ ഭാ​ഗമായിട്ടാണ് അങ്ങനെ പറഞ്ഞത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകൾ കുറവാണ്. കമ്മിറ്റികളിലൊന്നും സ്ത്രീകളില്ല. അതുപോലെ സെക്ഷ്വൽ ഹ​രാസ്മെന്റിനെ കുറിച്ച് പരാതിപ്പെടാൻ പോയാൽ ഉടൻ ഒരു പുരുഷന് അറിയേണ്ടത് ആരാണ് ചെയ്തത് എന്ന് മാത്രമാണ്. അല്ലാതെ എന്താണ് ചെയ്തത്, പരാതിക്കാരി എന്താണ് അനുഭവിച്ചത് എന്നൊന്നും ചോദിക്കില്ല. അവർക്ക് പിന്നീട് അയാളെ കാണുമ്പോൾ ഒന്ന് കളിയാക്കണം അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നും പോകുന്നില്ല. ഒന്നും നടക്കുന്നുമില്ല.

ആട്ടം സിനിമയിലെ കഥാപാത്രമായ സ്ത്രീ അനുഭവിച്ചത് തന്നെയാണ് എനിക്കും സംഭവിച്ചത്. ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്നാണ് എനിക്ക് ദുരനുഭവമുണ്ടായത്. പുറത്ത് നിന്നൊരാൾ എന്നെ കുറിച്ച് സെക്ഷ്വൽ കമന്റ് പറയുമ്പോഴുള്ള എഫക്ടായിരിക്കില്ല കുടുംബത്തിലുള്ളൊരാൾ എന്നോട് അത്തരത്തിൽ പെരുമാറുമ്പോൾ എനിക്കുണ്ടാവുക.

അതെനിക്ക് മാനസീകാഘാതവും മെന്റൽ ട്രോമയും പാനിക്ക് അറ്റാക്കും വരെ ഉണ്ടാക്കി. നമുക്ക് ഒരു പ്രശ്നം വന്നാൽ അത് കേൾക്കേണ്ടവർ തന്നെയാണ് എന്നോട് ഇപ്പോൾ ഈ ദുഷ്പ്രവൃത്തി ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ബലമെന്താണെന്ന് അറിയാമല്ലോ അല്ലേയെന്ന് പല രീതിയിൽ അവർ എന്നോട് പറഞ്ഞു.

വെർബൽ അബ്യൂസിന്റെ സാധ്യതകളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അവർ എന്നോട് ചെയ്തതിൽ എത്രത്തോളം ക്രിമിനൽ ഓഫൻസ് ഉണ്ടെന്നതിൽ എനിക്കും ഉറപ്പില്ലായിരുന്നു. പരാതിപ്പെടാൻ പോകണോ വേണ്ടയോയെന്ന് ഒരുപാട് ആലോചിച്ചിരുന്നു.

കാരണം ഞാൻ പരാതിപ്പെട്ട് കഴിഞ്ഞാൽ എന്നെ മോശക്കാരിയായി ചിത്രീകരിക്കുമോ എന്നൊക്കെ ഭയന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതുവരെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അഡ്രസ് ചെയ്തിട്ടില്ല. ഒരു പ്രിവന്റീവ് മെഷേർസ് പോലും അവർ എടുത്തിട്ടില്ല. അവർ സ്ത്രീകളെ എല്ലാം വിളിച്ച് കൂട്ടി അന്ന് ഒരു കമ്മിറ്റി കൂടിയിരുന്നു.

ഒരു മിനുട്ട്സ് ഉണ്ടാക്കാൻ മാത്രം വിളിച്ച് കൂട്ടിയ കമ്മിറ്റിയായിരുന്നു. കുറച്ച് സ്ത്രീകളും സുരേഷേട്ടനും ലിസ്റ്റിനും അനിൽ തോമസും മാത്രമാണ് അന്ന് ആ മീറ്റിങിൽ‌ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിരാകരിക്കുന്ന തരത്തിലുള്ള ഒരു കത്ത് മുഖ്യമന്ത്രിക്ക് അയക്കാൻ പോകുന്നവെന്ന തരത്തിൽ അന്ന് അവിടെ വായിച്ചു. കത്ത് കേട്ടതും അയക്കരുതെന്ന് ഞാൻ പറഞ്ഞു.

കാരണം അത് വൺസൈഡഡായിരുന്നു. പക്ഷെ അവർ അയച്ച് കഴിഞ്ഞിരുന്നു. അതുപോലെ ഒരു നിർമാതാവ് ഒരു സിനിമ സെറ്റിലെ പല സ്ത്രീകളെയും കേറി പിടിച്ച സംഭവമുണ്ടായിട്ടുണ്ട്. അതിൽ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. ഐസി കമ്മിറ്റിയിലാണ് പരാതിപ്പെട്ടത്.

പക്ഷെ അവിടെയുള്ളവർക്ക് നടപടിയെടുക്കാൻ പറ്റിയില്ല. കാരണം അസിസ്റ്റന്റ് ഡയറക്ടേഴ്സാണ് അവരൊക്കെ. അയാൾ ഒരു സീനിയർ നിർമാതാവും. അവർക്ക് സിനിമാ താൽപര്യമുള്ളതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. ഐസി കമ്മിറ്റിയിൽ പുറത്ത് നിന്നുള്ള ആളുകൾ വരണമെന്ന് ഞാൻ പറയുന്നത് ഇത് കൊണ്ടാണ്. പരാതി വരുമ്പോൾ ആക്ഷൻ എടുക്കും മുമ്പ് അവനവന്റെ നിലനിൽപ്പ് എല്ലാവരും നോക്കും.

അതുപോലെ നമുക്ക് അടുത്തറിയാവുന്നവരിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാൻ പറ്റാതെയായിപ്പോകും. ഞാൻ പറയുന്നത് സ്ത്രീകൾക്ക് മനസിലാകും. ലിറ്റിൽ ഹാർട്ട്സ് സിനിമയിൽ ഷെയ്ൻ ഭാ​ഗമായപ്പോൾ അവന് ഒരു അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. മാത്രമല്ല ഞങ്ങളുടെ സിനിമയുടെ പോസ്റ്ററോ ഫ്ലക്സോ വെക്കാൻ പോലും സമ്മതിക്കുന്നില്ലായിരുന്നു. ഞങ്ങളുടെ സിനിമ തിയേറ്ററിൽ കളിക്കുന്നുണ്ടെന്ന് പോലും മനസിലാകുന്നില്ലായിരുന്നു.

ഞങ്ങൾ പരസ്യത്തിനായി ചെയ്തതൊന്നും എവിടേയും എത്തിയില്ല. അവസാനം ഞാൻ സഹായിക്കണമെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് സുരേഷേട്ടനെ വരെ വിളിച്ചു. എന്നെ സഹായിച്ചത് സുരേഷ് ​ഗോപി മാത്രമാണ്. ഒന്ന് രണ്ട് തിയേറ്ററുകളിൽ അദ്ദേഹം വിളിച്ച് പറഞ്ഞു. സെക്കന്റ് വീക്ക് ആയപ്പോൾ പല തിയേറ്ററിലും സിനിമയില്ലായിരുന്നു. ഏഴ് കോടി രൂപ മുടക്കിയാണ് ആ സിനിമ ചെയ്തതെന്നും ഇന്റസ്ട്രിയിൽ നിന്നും ഉണ്ടായിട്ടുള്ള അനുഭവങ്ങൾ വെളിപ്പെടുത്തി സാന്ദ്ര പറഞ്ഞു.

content highlight: sandra-thomas-revealed-the-bad-experience