ചർമം, മുടി, തുടങ്ങിയവ പോലെത്തന്നെ മനുഷ്യശരീരത്തിലെ സുപ്രധാന ഭാഗമാണ് നഖങ്ങളും. കൈകാൽ വിരലുകളുടെ ആരോഗ്യവും സൗന്ദര്യവും നഖങ്ങൾ നോക്കിയാൽ മനസിലാക്കാൻ കഴിയും. നഖങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ കൃത്യമായ പരിപാലനവും പോഷകാഹാരങ്ങളും അത്യാവശ്യമാണ്. പോഷകാഹാരങ്ങൾ കൃത്യമായി ശരീരത്തിൽ എത്താതുകൊണ്ടാണ് പലപ്പോഴും കൈകാലുകളിലെ നഖങ്ങൾ ദുർബലമായിരിക്കും. കെരാട്ടിൻ എന്ന പ്രോട്ടീനാണ് നഖങ്ങളിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ പ്രോട്ടീന്റെ കുറവ് നഖങ്ങളെ കാര്യമായി തന്നെ ബാധിക്കും. മീൻ, മുട്ട, കോഴിയിറച്ചി, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനൊപ്പം തന്നെ നഖത്തിന്റെ വളർച്ചയ്ക്കും ഗുണം ചെയ്യും. നഖത്തിന്റെ വളർച്ചയിലും ആരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്ന ബയോട്ടിന്റെ അളവ് കുറഞ്ഞാലും നഖങ്ങൾ ദുർബലമാകും. ബദാം, മുട്ട, അവക്കാഡോ, മധുരക്കിഴങ്ങ്, കോളീഫ്ലവർ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ബയോട്ടിൻ ലഭിക്കും. ബയോട്ടിന്റെ കാര്യമായ കുറവ് ശരീരത്തിലുണ്ടെന്ന സംശയമുണ്ടെങ്കിൽ വിദഗ്ധ അഭിപ്രായം തേടാവുന്നതാണ്. അയേൺ കുറവുണ്ടെങ്കിലും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും നഖത്തിൽ വെള്ളവരകൾ വരുന്നതിനും കാരണമാകും. ധാരാണം അയേൺ അടങ്ങിയ ചീര, പയറ്, മാംസാഹാരം, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അയേൺ കുറവ് പരിഹരിക്കാം. വിറ്റാമിൻ-സി, സിങ്ക് അടങ്ങിയ പദാർഥങ്ങൾ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.