Entertainment

ഉലക നാ​യകൻ @ 70 ; ആരാധകർക്കായി സർപ്രൈസ് ഒരുക്കി ​’ത​ഗ് ലൈഫ്’ നിർമ്മാതാക്കൾ

വ്യാഴാഴ്ച 11 മണിക്കാണ് സർപ്രൈസ് ആരാധകരെ തേടിയെത്തുക

ഉലക നാ​യകൻ കമൽ ഹാസന്റെ 70-ാം പിറന്നാളാണ് നാളെ. പ്രിയതാരത്തിന്റെ പിറന്നാളിനുള്ള ഒരുക്കങ്ങൾ ആരാധകരിപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. കമൽ ഹാസൻ്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും.

ഇപ്പോഴിതാ കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. വ്യാഴാഴ്ച 11 മണിക്കാണ് സർപ്രൈസ് ആരാധകരെ തേടിയെത്തുകയെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ​ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം.

അടുത്തിടെ കമൽ ഹാസൻ്റെ കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്ററും പുറത്തുവന്നിരുന്നു. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ത​ഗ് ലൈഫ് ഒരുങ്ങുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയം രവി, തൃഷ, അഭിരാമി, നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. കമൽ ഹാസനെ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ കാണാനാവുകയെന്നാണ് പുറത്തു വരുന്ന വിവരം.