ചരിത്ര വിജയം നേടിയ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം തുടക്കം മുതല്‍ ട്രംപിന് അനുകൂലമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ട്രംപിനെതിരെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച കമലാ ഹാരിസിനെ കുറിച്ചാണ്. കമലാ ഹാരിസിനെ കുറിച്ച് പറയുകയാണെങ്കില്‍ അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്നയാളാണ്. അവരുടെ മുഴുവന്‍ പേര് കമലാ ദേവി ഹാരിസ് എന്നാണ്. 1964 ഒക്ടോബര്‍ 20 -ന് കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലാണ് ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാലുമക്കളില്‍ ഒരാളായിരുന്നു ശ്യാമള. ശ്യമാള പ്രാധമിക വിദ്യാഭ്യാസത്തിന് ശേഷം ആദ്യം ലേഡി ഇര്‍വിന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്തു. തുടര്‍ന്ന് അമേരിക്കയിലെ ബെര്‍ക്ക്ലി കോളേജില്‍ ഉന്നത പഠനത്തിനുള്ള അവസരം ലഭിച്ചു.
യുസി ബെര്‍ക്ക്ലിയുടെ സുവോളജി വിഭാഗത്തിലും അവിടത്തെ കാന്‍സര്‍ റിസര്‍ച്ച് ലാബിലും ഒക്കെയായിട്ടതാണ് ശ്യാമള തന്റെ ഗവേഷണം നടത്തിയത്. ബെര്‍ക്ക്ലിയില്‍ വെച്ചാണ് ശ്യാമള തന്റെ ഭാവി വരനാകാനിരുന്ന ജമൈക്കന്‍ വിദ്യാര്‍ത്ഥി ഡൊണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ഉപരിപഠനത്തിനായാണ് ഹാരിസ് ബെര്‍ക്ക്‌ലിയില്‍ എത്തിയത്. അങ്ങനെയിരിക്കെയാണ് ബെര്‍ക്ക്ലിയെ പിടിച്ചു കുലുക്കിയ കറുത്തവര്‍ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ഒരു സമരമുണ്ടാകുന്നത്. സിലബസില്‍ ബ്ലാക്ക് എഴുത്തുകാരുടെ കൃതികളെ അവഗണിക്കുന്നു എന്നാരോപിച്ചു നടത്തിയ ആ ഐതിഹാസിക സമരത്തില്‍ ശ്യാമളയും പങ്കെടുത്തു. അധികം താമസിയാതെ തന്നെ ശ്യാമളയും ഹാരിസും പ്രണയ മിഥുനങ്ങളായി ക്യാമ്പസില്‍ അറിയപ്പെടാന്‍ തുടങ്ങി. പഠിത്തം പൂര്‍ത്തിയാകും മുമ്പുതന്നെ ഇരുവരും വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു. അത് ശ്യാമളയുടെ കുടുംബത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ‘ലവ് മാരേജ്’ ആയിരുന്നു. 1964 -ല്‍ തന്റെ ഇരുപത്താറാം വയസ്സില്‍, പിഎച്ച്ഡി പൂര്‍ത്തിയാക്കുമ്പോഴേക്കും ശ്യാമളാദേവിക്ക് ആദ്യത്തെ കുഞ്ഞു പിറന്നു. അവര്‍ ആ കുഞ്ഞിന് കമലാ ദേവി ഹാരിസ് എന്ന് പേരിട്ടു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മായാദേവി ഹാരിസ് എന്ന ഒരു കുഞ്ഞുകൂടി ശ്യാമളക്ക് പിറക്കുന്നുണ്ട്. എന്നാല്‍, കമലക്ക് ഏഴുവയസ്സുള്ളപ്പോഴേക്കും തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ അവരവരുടെ തിരക്കിട്ട ഔദ്യോഗിക ജീവിതങ്ങളില്‍ പൂര്‍ണമായും മുഴുകിയും കഴിഞ്ഞിരുന്നു. ശ്യാമള അപ്പോഴേക്കും അമേരിക്കയിലെ അറിയപ്പെടുന്ന കാന്‍സര്‍ ഗവേഷക ആയിക്കഴിഞ്ഞിരുന്നു. ഡൊണാള്‍ഡ് ആകട്ടെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനും. വിവാഹമോചനക്കേസ് കഴിഞ്ഞപ്പോഴേക്കും രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിച്ചു നല്‍കിയത് ശ്യാമളക്കായിരുന്നു.
ഗവേഷകയായ ആ അമ്മ ഒറ്റക്ക് തന്നെ തന്റെ രണ്ടു കുഞ്ഞുങ്ങളെയും വളര്‍ത്തി. ഇടയ്ക്കിടെ തന്റെ റിസര്‍ച്ച് ലാബില്‍ കൂട്ടിക്കൊണ്ടു പോയി. താന്‍ പങ്കെടുത്തിരുന്ന ബ്ലാക്ക് റൈറ്റ്‌സ് LGBTQ മാര്‍ച്ചുകളിലും അവര്‍ കമലയെയും മായയെയും കൂടെക്കൂട്ടി. വീട്ടിലെ വിശാലമായ ലൈബ്രറിയില്‍ അവര്‍ കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തി. കമലക്ക് താത്പര്യം നിയമം പഠിക്കാനായിരുന്നു. അതില്‍ അവള്‍ മിടുക്കിയുമായിരുന്നു. 2004 -ല്‍ കമല ഹാരിസ് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയി തെരഞ്ഞെടുക്കപ്പെട്ടു.
2011 മുതല്‍ 2017 വരെ കമല കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. 2016 -ള്‍ കമലയെ അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയന്‍ പ്രൈമറികളില്‍ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ കമലയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. കമല മത്സരിക്കാനും തയ്യാറായി. എന്നാല്‍, ആ കാമ്പെയ്ന്‍ അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷന്‍ പിന്‍വലിച്ചു.