ഓൺലൈൻ ബിസിനസ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ദിയ കൃഷ്ണ. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കാണ് ദിയ മറുപടി നൽകുന്നത്. സ്വന്തം ബിസിനസിനെ ഒരാൾ മനപ്പൂർവം ടാർഗെറ്റ് ചെയ്ത് സംസാരിക്കുന്നു, ഈ അവസ്ഥ വന്നാലെ നിങ്ങൾക്ക് വേദന മനസിലാകൂ എന്നും ദിയ സോഷ്യൽ മീഡിയ വീഡിയോയിൽ വ്യക്തമാക്കി. താൻ അയച്ച പല മെസേജുകളും ഡിസപ്പിയറിങ് മെസേജ് ഓണാക്കിയതിനാൽ നഷ്ടമായി എന്നും ദിയ പറയുന്നു.
ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിൽ നിന്ന് ഓർഡർ ചെയ്ത മാലയും രണ്ട് കമ്മലുകളും കവർ തുറന്ന് നോക്കിയപ്പോൾ മാലയിലെ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും കമ്മലിന്‍റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നുമായിരുന്നു സംഗീതയുടെ പരാതി. എന്നാൽ ഏതൊരു സാധനം വാങ്ങുമ്പോഴും അതിന്റെ ഓപ്പണിങ് വീഡിയോ അയക്കണമെന്നും അതിലൂടെ എന്തെങ്കിലും കേടുപാടുകൾ ആഭരണങ്ങൾക്ക് ഉണ്ടെങ്കിൽ മനസിലാക്കാമെന്നുമുള്ളതാണ് ദിയയുടെ പോളിസി. ആദ്യം തന്നെ പൊട്ടിച്ച പാക്കറ്റിൽ വീണ്ടും ആഭരണം വെച്ച് സംഗീത തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ദിയ ആരോപിക്കുന്നത്. ഈ സംഭവങ്ങളെല്ലാം വാട്സാപ്പ് ചാറ്റിലൂടെയാണ് നടന്നത്. ഡിസപ്പിയറിങ് മെസേജ് ഓണാക്കിയതിനാൽ ഇവയെല്ലാം നഷ്ടമായി. പക്ഷെ തന്റെ ഭാഗത്ത് തെറ്റില്ലാത്തതിനാൽ നിയമനടപടിയിലേക്ക് കടക്കുകയാണെന്ന് ദിയ കൃഷ്ണ വ്യക്തമാക്കുന്നു.