കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഭാര്യ രേണുവും മക്കളും. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും രേണു സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കിടാറുണ്ട്.
മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു ഇത്രത്തോളം ശ്രദ്ധ നേടി തുടങ്ങിയത്. സുധിയുടെ ശേഷം ഇൻസ്റ്റഗ്രാമിൽ രേണു സജീവമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ വിമർശനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ രേണു മറുപടിയും നൽകി.
അടുത്തിടെ രേണു സുഹൃത്തിന്റെ സഹായത്തോടെ ബ്രൈഡൽ മേക്കോവർ നടത്തിയതും ഫോട്ടോഷൂട്ട് നടത്തിയതും വൈറലായിരുന്നു.
സുഹൃത്തിന്റെ സ്ഥാപനത്തിന്റെ പ്രമോഷന് വേണ്ടിയാണ് രേണു ആ മേക്കോവറിന് ഇരുന്ന് കൊടുത്തത്. എന്നാൽ നവവധുവായുള്ള രേണുവിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ രേണു വീണ്ടും വിവാഹിതയായി എന്നുള്ള തരത്തിൽ വരെ പ്രചാരണങ്ങളുണ്ടായി. മാത്രമല്ല ടീ ഷർട്ട് ധരിച്ച വനിതാ ഫോട്ടോഗ്രാഫർക്കൊപ്പമുള്ള രേണുവിന്റെ ഫോട്ടോ വരനാണെന്ന തരത്തിലും ചിലർ പ്രചരിപ്പിച്ചു.
ഭർത്താവ് മരിച്ച സ്ത്രീ വീണ്ടും ബ്രൈഡൽ മേക്കോവർ നടത്തിയതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് വന്ന കമന്റുകളോടും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം ഉണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയാണിപ്പോൾ രേണു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് എതിരെ വന്ന മോശം കമന്റുകളോട് രേണു പ്രതികരിച്ചത്. മേക്കപ്പിന്റെ കാര്യം പറഞ്ഞ് ചിലർ ജിഷ ചേച്ചിയുടെ അമ്മയുമായി തന്നെ ഉപമിക്കാറുണ്ടെന്നും അതിൽ തനിക്ക് സന്തോഷമെയുള്ളുവെന്നും രേണു പറയുന്നു.
എന്റെ സുഹൃത്ത് ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്. അവൾക്ക് വേണ്ടിയാണ് ഞാൻ ബ്രൈഡൽ മേക്കോവർ ചെയ്തത്. സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ചെയ്തത്. വൈറലാകുമെന്ന് ഓർത്തില്ല. പിന്നെ സുധി ചേട്ടനെ വിവാഹം ചെയ്തപ്പോൾ വധുവായി ഒരുങ്ങാൻ കഴിഞ്ഞിരുന്നില്ല. കാരണം അതൊരു രജിസ്റ്റർ മാരേജായിരുന്നു. വർഷങ്ങൾക്കിപ്പുറം വധുവായി ഒരുങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
പക്ഷെ സുധി ചേട്ടൻ കാണാൻ ഇല്ലെന്നുള്ളത് ഒരു വിഷമമാണ്. ചേച്ചിയുടെ മനസിന് സന്തോഷം നൽകുന്നത് ചെയ്തോളാനാണ് എനിക്ക് വന്ന പോസിറ്റീവ് കമന്റുകളിൽ ചിലത്. കിച്ചുവിനെ കാണിച്ചപ്പോൾ സൂപ്പറായിട്ടുണ്ട് അമ്മേ എന്നാണ് അവൻ പറഞ്ഞത്. ഞാൻ ഹാപ്പിയായാൽ സുധി ചേട്ടനും ഹാപ്പിയാണ്. വിധവയായതുകൊണ്ട് ഞാൻ സന്തോഷിക്കാതെ എപ്പോഴും ദുഖിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നെഗറ്റീവ് കമന്റിട്ടവർ.
എന്റെ വരനെന്ന് പറഞ്ഞ് പ്രചരിച്ചത് എന്റെ ചിത്രങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ്. ആ ഫോട്ടോഗ്രാഫർ പെൺകുട്ടിയാണ്. അന്നേ ദിവസം അവൾ ടീ ഷർട്ടായിരുന്നു ധരിച്ചത്. ബെനിയനിട്ട് വരൻ വരില്ലല്ലോ. മുണ്ടും ഷർട്ടുമായിരിക്കില്ലേ വേഷം. എന്നെ സ്നേഹിക്കുന്നവരെല്ലാം മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാൻ പറയാറുണ്ട്.
പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനൊരു ചിന്തയില്ല. നാളെ എന്ത് എന്നുള്ളത് നമ്മുടെ കയ്യിൽ അല്ലല്ലോ. മനുഷ്യനല്ലെ… പിന്നെ ഞാൻ കെട്ടിയാലും കെട്ടിയില്ലെങ്കിലും നാട്ടുകാർക്ക് എന്താണ് കുഴപ്പം. എനിക്ക് സുധി ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കാനാണ് ഇഷ്ടം. മക്കളുണ്ടെന്ന് പറഞ്ഞാലും ആരുണ്ടെങ്കിലും നമ്മൾ ഒറ്റപ്പെടും. നമ്മൾ എന്നും ഒറ്റ തന്നെയാണ്. മക്കൾ വിവാഹിതരായി പോകും അപ്പോൾ തനിച്ചാകും എന്നെല്ലാം എല്ലാവരും എന്നോട് എപ്പോഴും പറയാറുണ്ട്.
ഏട്ടൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ചിലർ ഞാൻ മരിച്ചുപോയ ജിഷ ചേച്ചിയുടെ അമ്മയെപ്പോലെയാണെന്ന് പറയാറുണ്ട്. ഉപമിക്കാറുണ്ട്. അതിൽ എനിക്ക് കുഴപ്പമില്ല. ആ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിൽ സന്തോഷമെയുള്ളു. മേക്കപ്പ് ഇടുന്നതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. എനിക്ക് ലിപ്സ്റ്റിക്ക് വാങ്ങിത്തന്നിരുന്നത് സുധി ചേട്ടനാണ്. സുധി ചേട്ടനെപ്പോലെ സുധി ചേട്ടനെ പറ്റു. വേറെ ആരും എനിക്ക് സെറ്റാവില്ല.
എന്റെ മാതാപിതാക്കൾ അതുകൊണ്ട് വേറൊരു വിവാഹത്തിന് നിർബന്ധിക്കാറില്ല. അമ്മ ഒറ്റപ്പെട്ടെന്ന് തോന്നരുത്. ഇഷ്ടമുണ്ടെങ്കിൽ വേറൊരു കല്യാണം കഴിച്ചോളുവെന്നാണ് കിച്ചു പറഞ്ഞത്. ഞങ്ങളെ ഓർത്ത് ലൈഫ് കളയേണ്ടെന്നും പറയാറുണ്ട്. നാടകത്തിൽ ഞാൻ അഭിനയിക്കാറുണ്ട്. ജീവിതത്തിൽ അഭിനയിക്കാറില്ലെന്നും രേണു പറഞ്ഞു.
content highlight: second-marriage-related-controversy