വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയാണ് ശാന്തകുമാരി. സഹനടിയായും അമ്മ വേഷങ്ങളിലൂടെയുമൊക്കെ മലയാളികൾ ശാന്തകുമാരിയെ കണ്ടു. എന്നാൽ ശാന്തകുമാരി അടക്കം പല മുതിർന്ന നടിമാരേയും ഇപ്പോൾ സിനിമകളിൽ കാണാറില്ല. അടുത്തിടെ ഇത്തരത്തിൽ അമ്മ വേഷം സ്ഥിരമായി ചെയ്തിരുന്ന കുറച്ച് പേരെ പ്രേക്ഷകർ ഒരുമിച്ച് കണ്ടത് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018ലാണ്.
കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാർത്തകൾ കാരണം അവസരങ്ങൾ ലഭിച്ചില്ലെന്നും പറയുകയാണ് ശാന്തകുമാരി.
‘എന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അഞ്ച് വർഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.
ഞാൻ പതിമൂന്ന് വർഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ’ കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞ് അവസാനിപ്പിച്ചു.
പ്രളയം പ്രമേയമായിരുന്നതിനാൽ വെള്ളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും. വെള്ളവും കാറ്റും നിരന്തരം ഏറ്റ് ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചിയൊക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നിൽക്കുന്നത് കാണുന്നതിനാൽ ടൊവിനോ പരാതി പറയാറില്ലായിരുന്നുവെന്നും ജൂഡ് പറയുന്നു. മുമ്പ് നടൻ മോഹൻലാലും ശാന്തകുമാരിക്ക് സഹായവുമായി എത്തിയിരുന്നു. അതേ കുറിച്ച് ശാന്തകുമാരി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മകൾക്ക് ഒരു വിവാഹ ജീവിതമുണ്ടായത് പോലും മോഹൻലാൽ കൃത്യസമയത്ത് സഹായം എത്തിച്ചതുകൊണ്ടാണെന്നാണ് ശാന്തകുമാരി മുമ്പ് പറഞ്ഞത്. വീട് പണി നടക്കുന്ന സമയത്തും മോഹൻലാലിന്റെ സഹായം ശാന്തകുമാരിക്ക് ലഭിച്ചിരുന്നു.
content highlight: actress-shanthakumari-about-her-personal