‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ഗവേഷക വിദ്യാർത്ഥിയായ ആദർശ്. കെപിസിസി വാര്‍ റൂം മെമ്പർ ആയിരുന്ന, ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലിൽ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ഷ് എന്നതാണ് അഖിൽ മാരാരുടെ പ്രധാന വിമർശനം. ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് ആദർശ് ഇപ്പോൾ. ആയിരം ശത്രുക്കൾ ഉണ്ടായാലും കുഴപ്പമില്ല. അഖിൽ മാരാരെ പോലുള്ള ഒരു സുഹൃത്ത് ഉണ്ടായാൽ ജോർജ് നന്നായി വെള്ളം കുടിക്കേണ്ടി വരുമെന്ന് ആദർശ് പറയുന്നു.
ആദർശിന്റെ വാക്കുകൾ
“ഞാൻ എഴുതിയ കാര്യങ്ങളിൽ പ്രശ്നമില്ലെന്ന് എനിക്കറിയാം. കുറേ ദിവസമായി ഞാൻ ഈ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരറ്റത്ത് നിന്ന് ജോജു നിർത്തി കഴിയുമ്പോൾ മറ്റേ അറ്റത്തുനിന്ന് അഖിൽ മാരാർ വീണ്ടും തുടങ്ങുന്നു. എന്നിട്ട് പുതിയ ആരോപണങ്ങളുമായി വരും. പുതിയ വിവാദങ്ങൾ കൊണ്ടുവന്നു കൊണ്ടേയിരിക്കുന്നു. ഒരു ഭരണാധികാരിയുടെ നിലവാരം മനസ്സിലാക്കാൻ ചുറ്റുമുള്ളവരെ നോക്കിയാൽ മതി.
ആയിരം ശത്രുക്കൾ ഉണ്ടായാലും കുഴപ്പമില്ല. അഖിൽ മാരാരെ പോലുള്ള ഒരു സുഹൃത്ത് ഉണ്ടായാൽ ജോർജ് നന്നായി വെള്ളം കുടിക്കേണ്ടിവരും. കാരണം ഈ പ്രശ്നം അവസാനിപ്പിക്കാൻ അഖിൽ സമ്മതിക്കില്ല. ഞാൻ എല്ലാം ഇട്ട് നിർത്തിപ്പോയതാണ്. ആദ്യ പോസ്റ്റിൽ എല്ലാം അവസാനിപ്പിക്കുകയും പിന്നീട് ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു നിർത്തി പോയതാണ്. അഖിൽ മാരാരെ പോലുള്ളവർ പുതിയ ആരോപണങ്ങളുമായി വരുമ്പോൾ ഡിഫൻഡ് ചെയ്യുന്നതിന് വേണ്ടി എനിക്ക് വീണ്ടും മറുപടി നൽകേണ്ടിവരുന്നു. എനിക്ക് ഇതിൻ്റെ പിന്നാലെ നടക്കാൻ സമയമില്ല”.
അതേസമയം ജോജു ജോർജിനെ പിന്തുണച്ച അഖില്‍ മാരാര്‍ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നും, ആദർശ് നിഷ്കളങ്കനല്ലെന്നുമാണ് അഖില്‍ മാരാരുടെ വാദം. ഇതിന് താഴെ വരുന്ന കമന്‍റുകളിൽ ഭൂരിഭാഗവും അഖിൽ മാരാരെ രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ളതാണ്.
വെറുതെ ജോജുവിനെ വെളുപ്പിക്കാൻ നിന്ന് നിങ്ങളുടെ വില കളയണ്ടെന്നും, ഓഡിയോ ക്ലിപ്പ് നാട്ടുകാർ മൊത്തം കേട്ടതാണെന്നുമാണ് സ്നേഹ മരിയയുടെ കമന്‍റ്. വാ വിട്ട വാക്കും, കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ലെന്നും പരിഹാസ രൂപേണ അവർ വിമർശിക്കുന്നു. ഫോൺ വിളിയിലെ ജോജുവിന്‍റെ അഹങ്കാരം നിനക്ക് മനസിലായില്ലെങ്കിലും, പൊതുജനത്തിന് മനസിലായെന്ന് പറയുന്നു ഷിജോ ജോർജ്.
അഖിൽ മാരാർ വളഞ്ഞു മൂക്കിൽ പിടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് അൻവറിന്‍റെ അഭിപ്രായം. താങ്കളോടുള്ള ബഹുമാനോത്തോടുകൂടി പറയുകയാ, ജോജുവിനെ ന്യായീകരിക്കരുത് എന്ന് പറയുന്നു ബാബു നടുവിൽ. സോഷ്യൽ മീഡിയയിലാകെ ജോജു ജോർജിനും പിന്തുണച്ച അഖിൽ മാരാർക്കും രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വരുന്നത്. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ വിഡിയോയുടെ തുടക്കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ജോജു ജോർജിന് പൂര്‍ണ പിന്തുണയുമായി ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജിയും രംഗത്തെത്തിയിരുന്നു. സിനിമയിലെ റേപ്പ് സീനിനെ വിമര്‍ശിച്ച ആദർശ് പക്കാ കോൺഗ്രസുകാരനാണെന്നും, അയാളുടെ 99 ശതമാനം പോസ്റ്റുകളിലും ഇടത് പക്ഷത്തെ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് പോരാളി ഷാജിയുടെ വാദം. ഇതേ വാദം തന്നെയാണ് അഖിൽ മാരാരും ഉന്നയിക്കുന്നത്.
content highlight: adarsh against akhil marar