Celebrities

‘ഈ വേഷം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കൂ’; ക്ലാസ്മേറ്റ്സിന്റെ ഷൂട്ടിങ്ങിനിടെ വാശിപിടിച്ച് കാവ്യ | kavya-madhavan-cried

ഒരിക്കലും ആ കഥാപാത്രം കാവ്യയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു

ക്ലാസ്‌മേറ്റ്‌സിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം പങ്കിടുന്ന ലാല്‍ ജോസിന്റെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ചിത്രത്തില്‍ രാധിക അവതരിപ്പിച്ച റസിയായി അഭിനയിക്കണം എന്ന് പറഞ്ഞ് കാവ്യ മാധവന്‍ കരഞ്ഞുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ലാല്‍ ജോസ് ആ കഥ പങ്കിട്ടത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ബാക്കിയെല്ലാവരും വന്നു, പക്ഷെ കാവ്യ മാത്രം വന്നിട്ടില്ല. ജെയിംസിനെ രാവിലെ കാവ്യയോട് കഥ പറയാന്‍ വിട്ടിരുന്നു. കഥ പറയാന്‍ പോയപ്പോള്‍ മുഴുവന്‍ കഥയും ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ എന്റെ സിനിമയായതിനാല്‍ തയ്യാറായതായിരുന്നു. കഥ പറഞ്ഞ ശേഷം എന്തോ പന്തികേടുണ്ട്, പുള്ളിക്കാരി കണ്ണില്‍ നിന്നും വെള്ളം വന്ന് മാറിയിരിപ്പുണ്ടെന്ന് ജെയിംസ് പറഞ്ഞു. കഥ കേട്ട് ഇമോഷണല്‍ ആയതാകുമെന്ന് ഞാന്‍ കരുതി.

എല്ലാവരും റെഡിയായി വരാന്‍ പറ എന്ന് ഞാന്‍ പറഞ്ഞു. വരില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്താണ് പ്രശ്‌നമെന്ന് അറിയാനായി ചെന്നു. ‘ഈ പടത്തിലെ നായിക ഞാനല്ല, നായിക റസിയ ആണ്. ഞാന്‍ വേണമെങ്കില്‍ റസിയയെ ചെയ്യാം. ഈ വേഷം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കൂ’ എന്നായിരുന്നു കാവ്യ പറഞ്ഞത്. ഒരിക്കലും ആ കഥാപാത്രം കാവ്യയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

കാവ്യയെ പോലെ എസ്റ്റാബ്ലിഷ് ആയൊരു നായിക ഈ കഥാപാത്രം ചെയ്യുമ്പോഴേ ആളുകള്‍ക്ക് മനസിലാകും ഈ കഥാപാത്രത്തിന് എന്തോ ഒരു പരിപാടിയുണ്ടെന്ന്. റസിയ അപ്രധാനമായൊരു കഥാപാത്രമാണെന്ന് ആളുകള്‍ കരുതണം, ഈ ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിയെന്ന് മാത്രം വിചാരിച്ചിരിക്കെ അവസാനം സിനിമയിലേ പ്രധാനപ്പെട്ടൊരു കഥാപാത്രമായി മാറുകയാണ് വേണ്ടത്. അല്ലെങ്കില്‍ കഥയുടെ സസ്‌പെന്‍സ് പോകും.

ഞാന്‍ കാവ്യയോട് പറഞ്ഞു, താര തന്നെയാണ് ഈ ചിത്രത്തിലെ നായിക. സുകുമാരന്‍ ആണ് നായകന്‍. അവരുടെ പ്രണയനദിയ്ക്കുണ്ടാകുന്ന വിഘ്‌നം ആണ് മുരളിയുടേയും റസിയയുടേയും പ്രണയം. എന്നൊക്കെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിട്ടാണ് കാവ്യ അഭിനയിക്കാന്‍ വരുന്നത്. അപ്പോഴും അവളത് ചെയ്തത് എന്നോടുള്ള സ്‌നേഹവും കടപ്പാടും കൊണ്ടാണ്. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. അവള്‍ക്ക് മനസിലായിട്ടുണ്ട് പടത്തിന്റെ ഫൈനല്‍ സ്റ്റേജില്‍ റസിയ സ്‌കോര്‍ ചെയ്യുമെന്ന്.പക്ഷെ അത് മാറ്റിവെക്കാന്‍ സാധിക്കാത്തതാണ്. അതില്ലെങ്കില്‍ ആ സിനിമയില്ല.

content highlight: kavya-madhavan-cried