Movie News

24 വർഷങ്ങൾക്ക് ശേഷം ‘അറയ്ക്കല്‍ മാധവനുണ്ണി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

2000 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്ന്

മമ്മൂട്ടിയുടെ കരിയറിലെ മാസ്സ് ചിത്രം ‘വല്യേട്ടൻ’ റീ റിലീസിന് ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ-റിലീസിനായി ഒരുങ്ങുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റീ റിലീസ് ആയി എത്തുമ്പോള്‍ മലയാള സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്തതും ഗൃഹാതുരത്വമുണർത്തുന്നതുമായ അനുഭവം കൂടിയാവുമെന്ന് തീർച്ചയാണ്. ആവേശമേറിയ കഥയും ശ്രദ്ധേയമായ പ്രകടനങ്ങൾക്കുമൊപ്പം ആരാധകർ ഏറ്റുപാടിയ ഗാനങ്ങളുമായിരുന്നു ഈ സക്സസ്സ് ഫോർമുല. മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ്. പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. വൻവിജയമായി മാറിയ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടൻ’.