Movie News

കാസ്റ്റിങ് കാരണം പാളിപ്പോയ സിനിമ; 90 ശതമാനം ആളുകൾ കള്ള് കുടിക്കുന്ന കേരളത്തിൽ അങ്ങനെ ഒരു സിനിമ എടുക്കരുതെന്ന് : രാജസേനൻ | rajasenan-talk-about-his-films

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു. അത്തരത്തിൽ ചെയ്യേണ്ടതില്ലായിരുന്നുവെന്ന് പിന്നെ തോന്നിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ. കാസ്റ്റിങ് കാരണം പാളിപ്പോയ തന്റെ രണ്ട് സിനിമകളാണ് 72 മോഡൽ എന്ന ചിത്രവും റേഡിയോ ജോക്കി എന്ന ചിത്രവുമെന്ന് രാജസേനൻ പറയുന്നു. നല്ല കഥയായിരുന്നു ആ ചിത്രങ്ങളുടേതെന്നും രാജസേനൻ പറഞ്ഞു. ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തൊണ്ണൂർ ശതമാനം ആളുകളും കള്ള് കുടിക്കുന്ന കേരളത്തിൽ കള്ളിനെതിരായി ഒരു സിനിമയെടുക്കരുതെന്ന് താൻ തിരിച്ചറിഞ്ഞ ചിത്രമാണ് അതെന്നും അദ്ദേഹം കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.‘ഇത് ചെയ്യേണ്ട എന്ന് തോന്നിപ്പോയ സിനിമകളും എനിക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും സിനിമയുടെ കഥയുടെ പ്രശ്നമോ സ്ക്രിപ്റ്റിന്റെ പ്രശ്നമോ കാരണമല്ല. കാസ്റ്റിങ് പാളിപ്പോയ ഒരു സിനിമയാണ് റേഡിയോ ജോക്കി എന്ന ചിത്രം.

അതുപോലെ ഒരു സിനിമ കൂടിയുണ്ട്. 72 മോഡൽ. നല്ല സബ്ജെക്റ്റാണ് അതൊക്കെ. ഒന്നാന്താരം കഥയാണ്. ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമകൾ വരുന്നതിന്റെ തുടക്കത്തിൽ വന്നതാണ് എന്റെ 72 മോഡൽ. സൗഹൃദമൊക്കെ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് അത് പറഞ്ഞത്. പക്ഷെ ആ ചിത്രത്തിന്റെയും കാസ്റ്റിങ് ഒട്ടും ശരിയായില്ല. രണ്ട് സിനിമയും കാസ്റ്റിങ് കാരണമാണ് പരാജയപ്പെട്ടത്. പക്ഷെ അതിനൊരിക്കലും നിർമാതാവിനെ കുറ്റം പറയാൻ കഴിയില്ല. അതിന്റെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുക്കുകയാണ്. അത് ഞാൻ പറഞ്ഞിട്ടുമുണ്ട്. അതുപോലെ ഞാൻ നൂറ് ശതമാനം തൃപ്തനല്ലാത്ത ഒരു ചിത്രമാണ് ഒരു സ്മോൾ ഫാമിലി. തൊണ്ണൂർ ശതമാനം ആളുകളും കള്ള് കുടിക്കുന്ന കേരളത്തിൽ കള്ളിനെതിരായി ഒരു സിനിമയെടുക്കരുതെന്ന് അന്ന് മനസിലായി,’രാജസേനൻ പറയുന്നു.

ഒരു കാലത്ത് ഹിറ്റ് കൂട്ടുകെട്ടായിരുന്നു ജയറാം -രാജസേനൻ. പിന്നീട് ആ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായി. അതിനെ കുറിച്ചും രാജസേനൻ സംസാരിച്ചു. ജയറാമിന്റെ മക്കൾ ജനിച്ച സമയം തൊട്ട് താൻ എടുത്ത് താലോലിച്ചിട്ടുണ്ടെന്നും, എന്നാൽ ജയറാമിന്റെ മകളുടെ കല്ല്യാണത്തിന് താൻ വന്നില്ലെന്നും രാജസേനൻ പറയുന്നു. “ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്. അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.” എന്നാണ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാജസേനൻ പറഞ്ഞത്.

STORY HIGHLLIGHTS : rajasenan-talk-about-his-films