ദീപാവലി എപ്പോഴും സന്തോഷം തരുന്ന ഒരു ആഘോഷമാണല്ലേ? എന്നാൽ ദീപാവലി ആഘോഷിക്കാത്ത ഒരു നാടുണ്ട്, അതും ഒരു ശാപം പേടിച്ചിട്ട്. കൗതുകം തോന്നുന്നില്ലേ..
ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ സമ്മൂ ഗ്രാമത്തിലാണ് രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ദീപാവലി ആഘോഷങ്ങളൊന്നും നടക്കാത്തത്. പണ്ടു മുതലേ അവർ പിന്തുടരുന്ന ആചാരമാണിത്. തലമുറകൾക്ക് മുമ്പ് ദീപാവലി ദിവസത്തിൽ സതി ചെയ്ത ഒരു സ്ത്രീയുടെ ശാപം ഭയന്നാണ് ഗ്രാമീണർ ഇന്നും ദീപാവലി ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത്.
വർഷങ്ങൾക്കുമുമ്പ്, ദീപാവലി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു ഗ്രാമത്തിലെ ഒരു സ്ത്രീ. മാർഗ്ഗമധ്യേയാണ് രാജാവിൻ്റെ കൊട്ടാരത്തിലെ സൈനികനായിരുന്ന ഭർത്താവ് മരിച്ചുവെന്ന് വാർത്ത അവർക്ക് ലഭിച്ചത്.
ഗര് ഭിണിയായ യുവതിക്ക് ഈ വാർത്ത സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. കനത്ത നിരാശയിൽ സതി അനുഷ്ഠിച്ച് ആത്മാഹുതി ചെയ്ത അവർ, വളരെ പ്രിയപ്പെട്ട ഒരു സമയത്ത് തനിക്ക് നഷ്ടപെട്ട ഈ ദീപാവലി ദിനം ഗ്രാമവാസികൾക്കും ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ശപിച്ചു.
അതിനുശേഷം ഈ ഗ്രാമത്തിൽ ഒരിക്കലും ദീപാവലി ആഘോഷിച്ചിട്ടില്ലെന്ന് നിവാസികൾ പറയുന്നു.
വീടുകളിൽ വെളിച്ചമില്ല, ദീപാവലി ആഘോഷങ്ങളിൽ ഗ്രാമത്തിൽ പടക്കങ്ങളുടെ ശബ്ദങ്ങൾ കേൾക്കില്ല.
ഏത് ആഘോഷവും ശുഭസൂചനകളല്ലെന്നും ഗ്രാമവാസികൾക്ക് നിർഭാഗ്യവും ദുരന്തവും മരണവും ക്ഷണിച്ചുവരുത്തുമെന്നും മുതിർന്നവർ ചെറുപ്പക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഘോഷങ്ങളൊന്നുമില്ലാതെ 70-ലധികം ദീപാവലിക്ക് സാക്ഷ്യം വഹിച്ച മറ്റൊരു ഗ്രാമത്തിലെ മൂപ്പൻ പറയുന്നു, ആരെങ്കിലും ദീപാവലി ആചരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം എന്തെങ്കിലും നിർഭാഗ്യമോ നഷ്ടമോ സംഭവിക്കുന്നു.
അതിനാൽ ദീപാവലി ആഘോഷിക്കാറില്ല.