ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ നാളായി വിവാദങ്ങളിൽ കുടുങ്ങികിടക്കുകയാണ് മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ. അമ്മയുടെ നേതൃസ്ഥാനത്തേക്ക് ആര് വരണം എന്നുള്ള അഭിപ്രായം തുറന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബന്‍. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവനും നേതൃസ്ഥാനത്ത് ഇരിക്കാൻ മികച്ച ആളുകൾ ആണെന്നാണ് കുഞ്ചാക്കോ ബോബന്റെ അഭിപ്രായം.
താരസംഘടനുമായി ആശയപരമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതിന്റെപേരിൽ അമ്മയിൽ നിന്ന് താൻ മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് തുറന്നു സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കണം. അതിനായി ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും വേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾക്ക് എതിരെ ഉൾപ്പെടെ ആരോപണങ്ങളും കേസും വന്ന സാഹചര്യത്തിൽ ഒരു പ്രതികരണം പോലും നടത്താതെ ആയിരുന്നു അമ്മയിലെ കൂട്ടരാജി.