അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തിളക്കത്തിലാണ് സുരഭി. ടൊവിനോയുടെ നായകകഥാപാത്രമായ മണിയന്റെ നായികയായ മാണിക്യമായാണ് ചിത്രത്തില്‍ സുരഭി അഭിനയിച്ചിരിക്കുന്നത്. സുരഭിയുടെ കഥാപാത്രവും പ്രകനടവും വലിയ വിജയമായി മാറുകയും ചെയ്തു. സിനിമ പുറത്തിറങ്ങിയ ശേഷം തന്നെ ആളുകള്‍ വിളിക്കുന്നത് മാണിക്യം എന്നാണെന്നാണ് സുരഭി പറയുന്നത്.
ഇപ്പോഴിതാ ഭാഷയുടെ പേരില്‍ തനിക്ക് പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുരഭി പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോടന്‍ ഭാഷ കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത് എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നടക്കുമ്പോള്‍ ഒരു ജഡ്ജ് ഇവര്‍ കോഴിക്കോടന്‍ ഭാഷ വച്ച് പിടിച്ചു നില്‍ക്കുന്ന നടിയാണ് അതിനാല്‍ അവര്‍ക്ക് അവാര്‍ഡ് കൊടുക്കരുത് എന്ന് വാദിച്ചിട്ടുണ്ടെന്നാണ് സുരഭി പറയുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായം മാറിയെന്നും താരം പറയുന്നു. അദ്ദേഹം സംവിധാനം ചെയ്ത സിനിമയില്‍ താന്‍ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയായി അഭിനയിച്ചുവെന്നും സുരഭി പറയുന്നു.
”അപ്പോഴും ധൈര്യം പോരാഞ്ഞ് എന്നോട് പറഞ്ഞു, കോഴിക്കോടന്‍ ഭാഷ നമുക്കീ സിനിമയില്‍ വേണ്ടാട്ടോ. ഇല്ല സര്‍ ഒരിക്കലും ചെയ്യില്ല എന്ന് ഞാന്‍ ഉറപ്പു കൊടുത്തു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ മിന്നാമിനുങ്ങ് എന്ന സിനിമയായിരുന്നു അത്. അവാര്‍ഡ് കിട്ടിയ ശേഷം സംവിധായകന്‍ അനില്‍ തോമസ് തന്നെ പറഞ്ഞാണ് ഞാനീ കഥ ചെയ്യുന്നത്. സുരഭീ, നിന്നോട് ഞാനിങ്ങനൊരു കാര്യം ചെയ്തിട്ടുണ്ട്. ആ നീ ദേശീയ അവാര്‍ഡ് നേടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്ന് അദ്ദേഹം പറഞ്ഞു” എന്നാണ് സുരഭി പറയുന്നത്.
എം80 മൂസയില്‍ താന്‍ സംസാരിച്ചത് തന്റെ കാലത്തു നിന്നും അറുപത് വര്‍ഷം പിന്നിലോട്ടുള്ള കോഴിക്കോടന്‍ ഭാഷയാണെന്നാണ് സുരഭി പറയുന്നത്. ആ കഥാപാത്രത്തിനായി താന്‍ ആ ഭാഷ പഠിച്ചെടുക്കുകയായിരുന്നു. അതേസമയം തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് പാത്തുവെന്നും സുരഭി പറയുന്നു. അതിന് ശേഷം തന്നെ തേടി വന്നതില്‍ അധികവും കോഴിക്കോടന്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളായിരുന്നുവെന്നും സുരഭി പറയുന്നു.
content highlight: surabhi-lakshmi-reveals-she-was-denied-award