Celebrities

‘ലാലേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്; ആ വഴിക്കാണ് വിവാഹം അന്വേഷിച്ചത്’ | suchithra about mohanlal

തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്

മോഹന്‍ലാലുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു സംസാരിച്ച് സുചിത്ര. ആദ്യമായി മോഹന്‍ലാലിനെ കണ്ടത് മുതല്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതടക്കമുള്ള കാര്യങ്ങളാണ് സുചിത്ര വെളിപ്പെടുത്തിയത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. ഒരു കല്യാണത്തിന് പോയതായിരുന്നു. അതിനു മുന്‍പ് ലാലേട്ടന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങളുടെ വീട്ടില്‍ ലാലേട്ടന് ഒരു കോഡ് വേര്‍ഡ് ഉണ്ടായിരുന്നു. അന്ന് ‘എസ് കെ പി’ എന്നായിരുന്നു ലാലേട്ടനെ വീട്ടില്‍ വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സുന്ദര കുട്ടപ്പന്‍ എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണ്.

അക്കാലത്ത് ഒരു ദിവസം അഞ്ചു കാര്‍ഡ് വീതം എങ്കിലും മോഹന്‍ലാലിന് ഞാന്‍ അയക്കുമായിരുന്നു. ഐ ലവ് യു എന്ന് മാത്രമല്ല, ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും അതില്‍ ഉണ്ടാവും. പക്ഷേ പേരോ, ഒപ്പോ ഒന്നും അതിന് കൊടുത്തിരുന്നില്ല. എങ്കിലും അവസാനം അദ്ദേഹം അത് കണ്ടുപിടിച്ചു.

ഞങ്ങളുടെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തിയത് ഞാന്‍ പറഞ്ഞതിന് ശേഷമാണ്. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായിരുന്നു. അന്നേരം അമ്മയോടും ആന്റിയോടുമാണ് എനിക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞത്. അതാരണെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഉള്ള ആളാണെന്ന് പറഞ്ഞു.

അങ്ങനെ ഡാഡിയോട് പറഞ്ഞതിന് ശേഷമാണ് കൂടുതല്‍ ആലോചനയുമായി പോകുന്നത്. നടി സുകുമാരിയുമായി ഡാഡിയ്ക്ക് പരിചയമുണ്ടായിരുന്നു. ലാലേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്. ആ വഴിക്കാണ് വിവാഹം അന്വേഷിക്കുന്നതും കല്യാണത്തിലേക്ക് എത്തിയതും- സുചിത്ര പറഞ്ഞു.

content highlight: suchithra about mohanlal