തെന്നിന്ത്യൻ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കണ്ണപ്പ സിനിമയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നത് എങ്ങനെ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടീസറിൽ പോലും അതീവരഹസ്യമാക്കി വെച്ച ലുക്കാണ് ചോർന്നത്. ചിത്രം ലീക്കായ സംഭവം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ഇതിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്തുന്നവർക്കോ അതിനായി സഹായിക്കുന്നവർക്കോ 5ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. കാമിയോ വേഷത്തിൽ കണ്ണപ്പയിൽ എത്തുന്ന പ്രഭാസിന്റെ ചിത്രങ്ങൾ ആണ് പരസ്യമായത്. രണ്ടുവർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ സിനിമ പുറത്തിറക്കാൻ തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ ടീമിന്റെ അനുവാദമില്ലാതെ ചിത്രീകരണദൃശ്യം മോഷ്ടിച്ച് പുറത്തെത്തിച്ചു എന്നത് അതീവദുഃഖമുണ്ടാക്കുന്ന കാര്യമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം പങ്കുവെക്കുന്നവർക്ക് എതിരെയും നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും കണ്ണപ്പ ടീം നൽകുന്നുണ്ട്.