സി.കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് 371 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച മഹാരാഷ്ട്ര സ്കോര്‍ 608ല്‍ എത്തിയപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാഷികിലെ ഗോള്‍ഫ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ എസ്.എസ്. നലാവദെയുടെ ഇരട്ട സെഞ്ച്വറിയുടെയും അജയ് ബൊറുഡെയുടെ സെഞ്ച്വറിയുടെയും മികവിലാണ് മഹാരാഷ്ട്ര 371 റണ്‍സ് ലീഡ് നേടിയത്. 280 പന്ത് നേരിട്ട നലാവദെ പുറത്താകാതെ 265 റണ്‍സെടുത്തു. ഒരു സിക്സും 25 ഫോറും ഉള്‍പ്പെടുന്നതാണ് നലാവദെയുടെ ഇന്നിങ്സ്. എട്ടാമനായി ഇറങ്ങിയ അജയ് 109 പന്തില്‍ നിന്നാണ് പുറത്താകാതെ 114 റണ്‍സ് നേടിയത്.
371 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. സ്കോര്‍ ബോര്‍ഡില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് ഒന്‍പത് വിക്കറ്റ് നഷ്ടമായി. വരുണ്‍ നയനാരിനും ഷോണ്‍ റോജറിനും മാത്രമാണ് അല്പമെങ്കില് മഹാരാഷ്ട്രയുടെ ബൗളര്‍മാരെ പ്രതിരോധിക്കാനായത്. വരുണ്‍ 55 റണ്‍സും ഷോണ്‍ 39 റണ്‍സും കരസ്ഥമാക്കി. കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സുമായി കിരണ്‍ സാഗറും പവന് രാജും ക്രീസിലുണ്ട്.