മലയാള സിനിമയിൽ അഭിനയം ആരംഭിച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനം കീഴടക്കിയ നായികയാണ് കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമ്മാതാവ് സുരേഷിന്റെയും മകൾ എന്ന ലേബലിൽ സിനിമയിലേക്ക് എത്തിയ കീർത്തി, അധികകാലം വൈകാതെ തന്നെ തന്റേതായ ഇടം സിനിമയിൽ കണ്ടെത്തി. അതിൽ പ്രധാന പങ്കു വഹിച്ച സിനിമയാണ് നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് സിനിമ ‘മഹാനടി’. ചിത്രത്തിൽ സാവിത്രിയായി വേഷമിട്ട കീർത്തി സുരേഷിന് അന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.
മഹാനടി സിനിമയിലേക്ക് ഓഫർ വന്നപ്പോൾ ആദ്യം താൻ നിരസിച്ചു എന്നാണ് കീർത്തി പറയുന്നത്. ഇത്രയും വലിയ ഒരു നടിയുടെ ബയോപിക് താൻ ചെയ്താൽ ശരിയാകില്ല, അതുകൊണ്ട് ചെയ്യില്ല എന്ന് പറഞ്ഞു. എന്റെ മറുപടി കേട്ട് ആ സിനിമയുടെ നിർമ്മാതാക്കൾ അന്ന് ഞെട്ടിപ്പോയി, ഇത്രയും വലിയ ഒരു ഓഫർ വന്നിട്ട് എന്താണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്നാണ് അവർ ചോദിച്ചത്. സത്യത്തിൽ പേടി കൊണ്ടാണങ്ങനെ പറഞ്ഞത്; അത്രയും വലിയൊരു കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല എന്നതായിരുന്നു ഭയം എന്നും കീർത്തി സുരേഷ് പറയുന്നു. തമിഴ് സിനിമയായ തൊടരിയിലെ അഭിനയം കണ്ടാണ് കീർത്തിക്ക് മഹാനടിയിലേക്ക് ഓഫർ വന്നത്. അഭിനയിച്ച് ശരിയായില്ലെങ്കിൽ വിമർശനങ്ങൾ കേൾക്കുമോ എന്ന് ഭയപ്പെട്ടെങ്കിലും ഒടുവിൽ ആ റോൾ ചെയ്യാൻ തയ്യാറായി എന്നും കീർത്തി സുരേഷ് പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കീർത്തിയുടെ പ്രതികരണം