Movie News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കറിന് പ്രശംസയുമായി ചിരഞ്ജീവി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കറിന് പ്രശംസയുമായി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്‌കര്‍. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 10 ദിവസം കൊണ്ട് 88 കോടി 70 ലക്ഷം രൂപ ആഗോള ഗ്രോസ് നേടിയ ചിത്രം ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്.

താന്‍ ആരാധിച്ചിരുന്ന തന്റെ ഹീറോ താന്‍ സംവിധാനം ചെയ്ത ചിത്രം കണ്ട് അഭിനന്ദിച്ചതിലുള്ള സന്തോഷം അറ്റ്‌ലൂരി പങ്കുവെച്ചു. ചിരഞ്ജീവിയോടൊപ്പം ഉള്ള ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്കി ഭാസ്‌കറിന് അദ്ദേഹം നല്‍കിയ സ്‌നേഹത്തിനും നല്ല വാക്കുകള്‍ക്കും വെങ്കി അറ്റ്‌ലൂരി നന്ദി പറയുകയും ചെയ്തു. കേരളത്തിലും ഇരുനൂറിലധികം സ്‌ക്രീനുകളില്‍ സൂപ്പര്‍ വിജയം നേടി കുതിക്കുകയാണ് ചിത്രം. ഇതിനോടകം 14 കോടിയോളം രൂപയാണ് ചിത്രത്തിന്റെ കേരള ഗ്രോസ് കളക്ഷന്‍ എന്നാണ് സൂചന.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.