Entertainment

‘ഇഷ്ടപ്പെടാത്ത മോഹൻലാൽ ചിത്രങ്ങളുണ്ട്, അത് ലാലേട്ടനോട് പറഞ്ഞിട്ടുമുണ്ട്’| Suchitra Mohanlal

നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര പ്രേക്ഷകർക്ക് സുപരിചിതയാണ്. ലാലേട്ടനോട് ഉള്ള സുചിത്രയുടെ ഇഷ്ടവും ആ ഇഷ്ടം വിവാഹത്തിലേക്ക് എത്തിയതുമൊക്കെ കഴിഞ്ഞ ദിവസം സുചിത്ര പങ്കുവെച്ചിരുന്നു. വളരെ മുൻപ് തന്നെ മോഹൻലാൽ സിനിമകളുടെ ആരാധികയാണ് താനെന്നും സുചിത്ര പറഞ്ഞിരുന്നു. ഇപ്പോൾ ലാലേട്ടൻ അഭിനയിച്ച തനിക്ക് ഇഷ്ടമാവാതെ പോയ സിനിമകളെക്കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ദഹിക്കാത്ത നിരവധി സിനിമകളുണ്ടെന്നും അത് മോഹൻലാലിനോട് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു സിനിമ തനിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെ തന്നെ മോഹൻലാലിനോട് പറയും എന്നാണ് സുചിത്ര പറയുന്നത്. ‘ ഒരു സിനിമ ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെ തന്നെ ചേട്ടനോട് പറയും. അങ്ങനെ എനിക്ക് ദഹിക്കാത്ത ചില സിനിമകളുണ്ട്.എന്റെ അഭിപ്രായം കേൾക്കുക എന്നതല്ലാതെ അദ്ദേഹത്തിന് വേറെ ഒരു മാർ​ഗവുമില്ല, പിന്നെ ഇത് ഒരാളുടെ മാത്രം കാര്യമല്ലല്ലോ. സിനിമ ഒരു ടീം വർക്കല്ലേ. മോശമാവണമെന്ന് കരുതി ആരും സിനിമ എടുക്കില്ലല്ലോ. അവർ കഷ്ടപ്പെട്ട് എടുത്തതല്ലേ. അങ്ങനെ നോക്കുമ്പോൾ ഞാൻ‌ അങ്ങനെ പറയാൻ പാടില്ല. പക്ഷേ എനിക്ക് പറയാതിരിക്കാൻ ആവില്ല’ സുചിത്ര പറയുന്നു.

പണ്ട് താൻ മോഹൻലാലിന് കാർഡുകൾ‌ വാങ്ങി അയക്കാറുണ്ടെന്നും എന്നാൽ പേരൊന്നും വെയ്ക്കാറില്ലെന്നും സുചിത്ര പറയുന്നു. താൻ ആണ് കാർഡുകൾ അയക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് താനാണ് അയക്കുന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചെന്നും എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു.