Entertainment

‘സുകുമാരി അമ്മയോട് മലയാളികൾ നന്ദികേട് കാണിച്ചു, ആ ആത്മാവിനെയെങ്കിലും വെറുതെ വിട്ടു കൂടെ’| Alleppey Ashraf

സെലിബ്രിറ്റികളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അധികമാര്‍ക്കും അറിയാത്ത കഥകളുമായിട്ടാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് വരാറുള്ളത്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ നടി സുകുമാരിക്കെതിരെ ചിലർ നടത്തിയ അധിക്ഷേപത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. നടി ലിസിയെ തന്റെ വീട്ടിൽ നിർത്തിയതിന്റെ പേരിൽ ചിലർ മോശമായി സുകുമാരിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ ചൂണ്ടിക്കാട്ടി. പ്രിയദർശനും ലിസിയും തമ്മിലുള്ള പ്രണയ കാലത്ത് ലിസിയെ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിക്കണമെന്ന് പ്രിയദർശൻ തീരുമാനിച്ചു. സുകുമാരി ചേച്ചിയുടെ വീട്ടിൽ ലിസിയെ താമസിപ്പിച്ചു. പെൺമക്കളില്ലായിരുന്ന സുകുമാരി ചേച്ചി ലിസിയെ സ്വന്തം മകളെ പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചത്. അതിന്റെ പേരിൽ സുകുമാരി ചേച്ചി ഒരുപാട് പഴി കേട്ടു. കൂട്ടിക്കൊടുപ്പുകാരി എന്ന് വരെ പലരും ചാനലിലൂടെ വിളിച്ച് പറഞ്ഞു. ആ പറഞ്ഞവർ ഒരു കാര്യം ആലോചിക്കണം. സുകുമാരി മരണക്കിടക്കയിൽ ഐസിയുവിൽ കിടക്കുമ്പോൾ ചേച്ചി സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഒറ്റ ആ​ഗ്രഹമേ സുകുമാരി ചേച്ചി പറഞ്ഞുള്ളൂ, ലിസിയെ അവസാനമായി കാണണം എന്നാണത്.

പ്രിയദർശന്റെ നിരവധി സിനിമകളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. മനസ് കൊണ്ട് മലയാളികളെ സ്നേഹിച്ച സുകുമാരിയോട് മലയാളികൾ നന്ദി കേട് കാണിച്ചു. മരിച്ച ശേഷവും പലരും അവരെ അപകീർത്തിപ്പെടുത്തി. സുകുമാരിയുടെ ആത്മാവിനോട് മാപ്പ് ചോദിക്കുന്നെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. പ്രസവിച്ചാൽ മാത്രമല്ല അമ്മയാകുന്നത്. സ്നേഹം കൊണ്ടും ആകാമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. സുകുമാരിയുടെ അഭിനയ മികവിനെയും ആലപ്പി അഷ്റഫ് പ്രശംസിക്കുന്നുണ്ട്. ഏത് വേഷം കൊടുത്താലും അതിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്ന നടിയായിരുന്നു സുകുമാരയെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.