Movie News

പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്ന നായകൻ; പ്രതിമുഖം ട്രെയ്ലർ പുറത്ത് | prathimukham-malayalam-movie-sidharth-siva-rajiv-pilla-trailer-out

ഇവിടെ നായകൻ അനുഭവിക്കുന്ന സംഘർഷം, സമൂഹം അടിച്ചേൽപ്പിച്ചതാണ്

തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസ്ൻ്റെ ഏറ്റവും പുതിയ സംരംഭമായ “പ്രതിമുഖം” സിനിമയുടെ ഓഡിയോ, ടീസർ, ട്രെയിലർ പ്രകാശനം, പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കിൽ നായകൻ ആക്കിയിട്ടുള്ള ഈ സിനിമയിൽ, നായകൻറെ രൂപഭാവാദികൾ പുരുഷന് നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമാണെങ്കിലും, നായകൻറെ മനോവ്യാപാരങ്ങൾ സമൂഹം സ്ത്രീക്ക് കൽപ്പിച്ചു നൽകിയിരിക്കുന്ന രീതികൾക്കനുസൃതമായിട്ടാണ്.

ഇവിടെ നായകൻ അനുഭവിക്കുന്ന സംഘർഷം, സമൂഹം അടിച്ചേൽപ്പിച്ചതാണ്. നായകന്റെയും സമൂഹത്തിൻ്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് “പ്രതിമുഖം”.മോഹൻ അയിരൂർ, കെ. എം. വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ എന്നിവർ നിർമ്മാതാക്കളായുള്ള മൈത്രി വിഷ്വൽസ്, ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ ട്രാൻസ്ജൻ്റർ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിൻ്റെ കഥ തിരക്കഥ സംവിധാനത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നു.

സിനിമയിലെ അഭിനേതാക്കളായ സിദ്ധാർത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി , ഹരിലാൽ കോട്ടയം,കവിരാജ് തിരുവല്ല, സിനിമ സംവിധായകരായ കവിയൂർ ശിവപ്രസാദ്, പത്മകുമാർ എം ബി, മുൻ മുൻസിപ്പൽ ചെയർമാൻ ജയകുമാർ ആർ, അഡ്വക്കേറ്റ് പ്രമോദ് ഇളമൺ, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വൽസ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തുന്നു.

STORY HIGHLLIGHTS: prathimukham-malayalam-movie-sidharth-siva-rajiv-pilla-trailer-out