തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമാണ് ശ്രുതി ഹാസൻ. സലാർ എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. പ്രഭാസാണ് ചിത്രത്തിൽ നായകനായെത്തിയത്. സിനിമ മികച്ച വിജയം നേടി. 2009 ൽ പുറത്തിറങ്ങിയ ലക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാൽ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നതോടെയാണ് ശ്രുതിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. തമിഴിൽ ചെയ്ത ഏഴാം അറിവ് ഹിറ്റായി. തെലുങ്കിലും വലിയ സിനിമകളുടെ ഭാഗമാകാൻ ശ്രുതിക്ക് സാധിച്ചു.
അടുത്തിടെയാണ് ശ്രുതി കരിയറിൽ 15 വർഷം പൂർത്തിയാക്കിയത്. ശ്രുതി ഹാസന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിൽ അടുത്ത കാലത്ത് ശ്രുതിക്ക് വലിയ ഹിറ്റുകൾ ലഭിച്ചിട്ടില്ല. അഭിനയത്തിനൊപ്പം മ്യൂസിക്കിലും ശ്രുതി ഹാസൻ ശ്രദ്ധ നൽകുന്നുണ്ട്.
ഇപ്പോഴിതാ മുംബെെയിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ. തനിക്ക് ഇഎംഐ ഉണ്ടെന്ന് ശ്രുതി പറയുന്നു. മുംബൈയിൽ റിയൽ എസ്റ്റേറ്റ് വളരെ എക്സ്പെൻസീവാണ്. ലണ്ടനിൽ തനിക്കുള്ള ഫ്ലാറ്റിന് മുംബെെയിലെ ഫ്ലാറ്റിനേക്കാൾ വില കുറവാണെന്ന് ശ്രുതി പറയുന്നു. ഇതേ ഫ്ലാറ്റിന് മുംബെെയിൽ മൂന്നിരട്ടി വില വരും. മുംബൈയിലെ ഇഎംഐ ഭയപ്പെടുത്തുന്നതാണ്. എനിക്ക് ഇഎംഐ ഇഷ്ടമല്ല. ഇഎംഐ ഭയപ്പെടുത്തും, പക്ഷെ ഒരു ദിവസം അവസാനിക്കുമെന്ന് ചെറുപ്പക്കാർ മനസിലാക്കണം. പിന്നീട് അടുത്തത് ലഭിക്കുമെന്നും ശ്രുതി ചിരിയോടെ പറഞ്ഞു.
22 വയസ് മുതൽ അച്ഛനെ ആശ്രയിക്കാതെ സ്വന്തമായാണ് കാര്യങ്ങൾ നോക്കുന്നതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. ധനികനാണ് ശ്രുതിയുടെ പിതാവ് കമൽ ഹാസൻ. റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെ ചെയ്ത സിനിമകൾക്ക് 100 കോടിയോളമാണ് കമൽ പ്രതിഫലമായി വാങ്ങിയത്. എന്നാൽ അച്ഛനെ ആശ്രയിക്കാൻ ശ്രുതി തയ്യാറല്ല.
അക്ഷര ഹാസനാണ് ശ്രുതിയുടെ സഹോദരി. കമൽ ഹാസനും മുൻ ഭാര്യ സരികയ്ക്കും പിറന്ന മക്കളാണ് ശ്രുതിയും അക്ഷരയും. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷമാണ് ശ്രുതി മുംബൈയിലേക്ക് പോകുന്നത്. ഇതേക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.
എന്റെ സുഹൃത്തുക്കളും ജീവിതവുമൊക്കെ ചെന്നെെയിലായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു.
പിന്നീട് തിരിച്ച് വന്നെങ്കിലും പഴയത് പോലെ ഒന്നും ആസ്വദിക്കാനായില്ല. പഴയ ശ്രുതിയെ തനിക്ക് നഷ്ടപ്പെട്ടെന്നും നടി തുറന്ന് പറഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മുമ്പൊരിക്കൽ ശ്രുതി ഹാസൻ പറഞ്ഞിട്ടുണ്ട്. എന്റെ മാതാപിതാക്കൾ ആവുന്നതിന് മുമ്പ് അവർ രണ്ട് വ്യക്തികളാണ്. ഞാൻ വളർന്നപ്പോൾ എനിക്കവർ സന്തോഷത്തോടെ ഇരിക്കണം എന്നായിരുന്നു തനിക്കെന്നും ശ്രുതി ഹാസൻ അന്ന് തുറന്ന് പറഞ്ഞു.
content highlight: shruti-haasan says